കോവിഡ് മൂലം വലയുന്ന ഇന്ത്യയ്ക്ക് അടിയന്തരമായി മെഡിക്കൽ ഉപകരണങ്ങളും മറ്റ് സഹായങ്ങളും എത്തിക്കാൻ ഇന്ത്യ ഹ്യുമാനിറ്റേറിയൻ എയർബ്രിഡ്ജ് പദ്ധതി തുടങ്ങിയതായി എമിറേറ്റ്സ് വിമാനക്കമ്പനി അറിയിച്ചു.

സന്നദ്ധസംഘടകൾക്കും മറ്റും ഇന്ത്യയിലേക്ക് സൗജന്യമായി സഹായങ്ങൾ എത്തിക്കാൻ ഇന്റർനാഷനൽ ഹ്യുമാനിറ്റേറിയൻ സിറ്റിയുമായി സഹകരിച്ചാണ് എയർബ്രിഡ്ജ് പദ്ധതി എമിറേറ്റ്സ് സ്കൈ കാർഗോ നടപ്പാക്കുന്നത്. ആദ്യ ഘട്ടമായി ലോകാരോഗ്യ സംഘടനയുടെ 12 ടൺ ടെന്റ് നിർമാണ സാമഗ്രികൾ സൗജന്യമായി ഡൽഹിയിലേക്ക് അയച്ചു. 13ന് വീണ്ടും സാധനങ്ങൾ അയയ്ക്കും.

തുടർന്ന് സാധനങ്ങൾ എത്തുന്ന മുറയ്ക്ക് അയച്ചു കൊടുക്കുമെന്നും അധികൃതർ അറിയിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ദുരിതാശ്വാസ സാമഗ്രി വിതരണ കേന്ദ്രമായ ദ് ഇന്റർനാഷനൽ ഹ്യുമാനിറ്റേറിയൻ സിറ്റിയുമായി(ഐഎച്ച്സി) സഹകരിച്ച് മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കും. ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് ഇങ്ങനെ സാധനങ്ങൾ എത്തിക്കും.

1985ൽ ആദ്യ വിമാനം ഇന്ത്യയിലേക്ക് പറന്നതു മുതൽ അവിടവുമായി എമിറേറ്റ്സിന് നല്ല ബന്ധമാണുള്ളതെന്നും കോവിഡിനെ ചെറുത്ത് പഴയ നിലയിലേക്ക് മടങ്ങാൻ ഇന്ത്യക്കാർക്ക് എല്ലാ സഹായവും എത്തിക്കുമെന്നും എമിറേറ്റ്സ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം അറിയിച്ചു. ഇന്ത്യയിലെ ഒൻപത് നഗരങ്ങളിലേക്ക് ആഴ്ചയിൽ 95 എമിറേറ്റ്സ് വിമാനങ്ങൾ പറക്കുന്നുണ്ട്.

എമിറേറ്റ്സ് സ്കൈ കാർഗോ ഇപ്പോൾ ഇന്ത്യയിലേക്ക് ആരംഭിക്കുന്ന എയർബ്രിഡ്ജ് പദ്ധതി അടിയന്തര ആവശ്യമാണ്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിഭാവനം ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുവടുപിടിച്ച് കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിലേക്ക് ഇതു പോലെ 1292 തവണ സാധനങ്ങൾ ഐഎച്ച്സി അയച്ചിട്ടുണ്ട്. ആറ് ഭൂഖണ്ഡങ്ങളിലെ 140 കേന്ദ്രങ്ങളിലേക്ക് സാധാരണ യാത്രാവിമാനങ്ങൾ വഴിയും ബോയിങ് വിമാനങ്ങളിലെ ഇക്കണോമി ക്ലാസുകളിലും അടിയന്തര ആവശ്യമുള്ള സാധനങ്ങൾ അയയ്ക്കുന്നുണ്ട്. എമിറേറ്റ്സ് സ്കൈ കാർഗോ, യുനീസെഫ് തുടങ്ങിയവയുമായി സഹകരിച്ച് ആറ് കോടി ഡോസ് കോവിഡ് വാക്സീനുകൾ അയച്ചിട്ടുണ്ട്. ആഗോളതലത്തിൽ നൽകിയ ഇരുപതിൽ ഒന്ന് വാക്സീനും എമിറേറ്റ്സ് വിമാനം വഴിയാണ് നൽകിയത്- ജ്യുസെപ്പെ സാബാ ഐഎച്ച്സി സിഇഒ

LEAVE A REPLY

Please enter your comment!
Please enter your name here