കോവിഡ് 19 വൈറസ് ബാധ നേരിടാന്‍ പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതിനുവേണ്ടി കേരള പോലീസ് തയ്യാറാക്കിയ ഡാന്‍സ് വീഡിയോ ലോകമെങ്ങും തരംഗമായി.

നിരവധി അന്തര്‍ദേശീയ മാധ്യമങ്ങള്‍ കേരള പോലീസിന് അഭിനന്ദനം അര്‍പ്പിച്ചുകൊണ്ടാണ് വീഡിയോ സംപ്രഷണം ചെയ്തത്. യു.എസ് എംബസിയുടെ അഭിനന്ദനവും കേരള പോലീസിനെ തേടിയെത്തി.

വൈറസ് ബാധ ചെറുക്കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച ബ്രേക്ക് ദി ചെയിന്‍ ക്യാപെയ്ന് പിന്തുണ നല്‍കിയാണ് കേരള പോലീസ് ഡാന്‍സ് വീഡിയോ തയ്യാറാക്കിയത്. പോലീസിന്‍റെ പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ ജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളിലും സാമൂഹിക പ്രതിബദ്ധതയോടെ ഇടപ്പെട്ട് പ്രചാരം നല്‍കാറുണ്ട്. അതിന്‍റെ തുടര്‍ച്ചയായാണ് കോവിഡ് 19 ബാധയെക്കുറിച്ചും ക്യാപെയ്ന്‍ നടത്താന്‍ തീരുമാനിച്ചത്.

ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ ക്യാപെയ്ന്‍ ഡാന്‍സിന്‍റെ രൂപത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേവലം ഒരു മണിക്കൂര്‍ പരിശീലനത്തിനുശേഷം സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററില്‍ തന്നെയാണ് ഡാന്‍സ് ഷൂട്ട് ചെയ്തത്. മീഡിയ സെന്‍ററിലെ പോലീസുകാരായ ഷിഫിന്‍.സി രാജ്, രതീഷ് ചന്ദ്രന്‍, വി.വി അനൂപ് കൃഷ്ണ, ബി. ജഗത് ചന്ദ് സി.പി രാജീവ്, എം.വി ഹരിപ്രസാദ് എന്നീ പോലീസുകാരാണ് ചുവട് വച്ചത്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി പ്രമോദ് കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ ചിത്രീകരണത്തിന് മീഡിയ സെന്‍ററിലെ മറ്റു പോലീസുകാരായ ബി.വി കലയും എസ്.എല്‍ ആദര്‍ശും സഹായികളായി. മറ്റൊരു ജീവനക്കാരനായ ഹേമന്ദ് ആര്‍ നായര്‍ ക്യാമറ, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലകാത്ത എന്ന് തുടങ്ങുന്ന ഗാനത്തിനോടൊപ്പം നൃത്തമാടുമ്പോള്‍ കേവലമൊരു ആശയവിനിമയ പരിപാടിയെന്ന് മാത്രമെ പോലീസ് കരുതിയുള്ളൂ. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ട് ഏഴര മണിയോടെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെ ഫെയസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ മിനിറ്റുകള്‍ക്കക്കം വൈറല്‍ ആവുകയായിരുന്നു. ഒരു രൂപ പോലും മുതല്‍ മുടക്കാതെ സ്വന്തം ക്യാമറയും എഡിറ്റിങ് സൗകര്യവും ഉപയോഗിച്ചായിരുന്നു നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ചൊവ്വാഴ്ച തന്നെ കേരള പോലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചു. ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കും ഫെയ്സ്ബുക്കിലൂടെ അഭിനന്ദനം അറിയിച്ചു. ഡല്‍ഹിയിലെ യു.എസ് എംബസിയും ആശംസയുമായി അവരുടെ ഫെയ്സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചു. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ഭാഷകളിലേയും ചാനലുകളും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെ വീഡിയോ പങ്കുവച്ചു കൊണ്ട് വാര്‍ത്ത നല്‍കി.

തുടര്‍ന്നാണ് റോയിട്ടേഴ്സ്, എ.എഫ്.പി, എ.എന്‍.ഐ എന്നീ അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സികള്‍ വീഡിയോ പങ്കുവച്ചത്. വ്യാഴാഴ്ചയോടെ ബി.ബി.സി, ഫോക്സ് ന്യൂസ് 5, റഷ്യ ടുഡേ, സ്കൈ ന്യൂസ്, സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ്, ഇറ്റാലിയന്‍ ചാനലായ ട്രെന്‍റിനോ, ഡെച്ച് ടി.വി ചാനലായ എന്‍.ഒ.എസ് ടര്‍ക്കി ചാനലായ എ ന്യൂസ് എന്നീ വിദേശമാധ്യമങ്ങളും വീഡിയോടൊപ്പം കേരളാ പോലീസിനെ പ്രകീര്‍ത്തിച്ച് വാര്‍ത്ത നല്‍കി.

വി പി പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടർ
സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ

LEAVE A REPLY

Please enter your comment!
Please enter your name here