ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം ഇന്ത്യയില്‍ 2069 പേര്‍ക്കാണ് കോവിഡ് 19 ഇതിനോടകം സ്ഥിരീകരിച്ചത്. ഇതില്‍ 1860 പേര്‍ ചികിത്സയിലാണ്. 155പേര്‍ രോഗമുക്തി നേടി. 53 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 

കോവിഡ്19 പടരുന്ന സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ ജനക്കൂട്ടം ഉണ്ടാവുന്നത് നിയന്ത്രിക്കാന്‍ പൊതുവായ സംവിധാനം രൂപവത്കരിക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് അഭ്യര്‍ഥിച്ചു. ലോക്ക്ഡൗണിന് പിന്തുണ നല്‍കിയതിന് എല്ലാ സംസ്ഥാനങ്ങളോടും നന്ദി അറിയിച്ച പ്രധാനമന്ത്രി, കൊറോണ പ്രതിരോധത്തിന് എല്ലാവിധി പിന്തുണയും അഭ്യര്‍ഥിച്ചു. 

വൈറസ് വ്യാപിക്കുന്നത് തടയാന്‍ അടുത്ത ഏതാനും ആഴ്ചകളിലും രോഗനിര്‍ണയം, ഐസൊലേഷന്‍, ക്വാറന്റൈന്‍, എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. 

കേരളത്തില്‍ ഇന്ന് 21 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസര്‍കോട് എട്ടുപേര്‍ക്കും ഇടുക്കിയില്‍ അഞ്ചുപേര്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ 27 വയസ്സുള്ള ഗര്‍ഭിണിയാണ്. ഇട്ടിവ സ്വദേശിയാണ് ഇവര്‍. സംസ്ഥാനത്ത് ഇതുവരെ 286പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here