കേരളത്തില്‍ കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെയും പരിശോധനയുടെയും എണ്ണം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 59ഉം സ്വകാര്യമേഖലയില്‍ 51ഉം ടെസ്റ്റിങ് കേന്ദ്രങ്ങളുണ്ട്. സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി രണ്ടു ചര്‍ച്ച നടത്തി കോവിഡ് ചികിത്സാ ഫീസും മറ്റും നിശ്ചയിച്ചു. നിരവധി സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് സ്വാശ്രയ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ കണ്ണൂരും വയനാട്ടിലും കോവിഡ് ചികിത്സക്ക് മാത്രമായി വിട്ടു നല്‍കിയിട്ടുണ്ട്.

ജൂലൈ 19 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തൊട്ടാകെ 187 സിഎഫ്‌എല്‍ടിസി കളിലായി 20404 ബെഡുകള്‍ തയ്യാറായിക്കഴിഞ്ഞു. 305 ഡോക്ടര്‍മാരേയും 572 നഴ്‌സുമാരേയും 62 ഫാര്‍മസിസ്റ്റുകളേയും 27 ലാബ് ടെക്‌നീഷ്യന്‍മാരേയും ജൂലൈ 19നുള്ളില്‍ സിഎഫ്‌എല്‍ടിസികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 742 സിഎഫ്‌എല്‍ടിസികളാണ് ജൂലൈ 23നകം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നത്. അതോടെ ബെഡുകളുടെ എണ്ണം 69215 ആയി ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ സിഎഫ്‌എല്‍ടിസികളിലും രാവിലെ മുതല്‍ വൈകുന്നേരം വരെ ഒപി നടത്താനുള്ള സൗകര്യവും ടെലിമെഡിസിന് ആവശ്യമായ ലാന്‍ഡ്‌ലൈനും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കും. ഓരോ സിഎഫ്‌എല്‍ടിസിക്കും ആംബുലന്‍സ് സൗകര്യമേര്‍പ്പെടുത്തും. ഐസൊലേഷനിലുള്ളവര്‍ക്ക് ബാത്ത്‌റൂമോടു കൂടിയ പ്രത്യേക മുറികള്‍ ലഭിക്കും. വെള്ളവും വൈദ്യുതിയും മുടങ്ങാതെ ലഭ്യമാകാനും ഭക്ഷണം എത്തിക്കാനും വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തും. ഫ്രണ്ട് ഓഫീസ്, ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിങ് റൂം, നഴ്‌സിങ് സ്റ്റേഷന്‍, ഫാര്‍മസി, സ്റ്റോര്‍, ഒബ്‌സര്‍വേഷന്‍ റൂം, തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കും. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. സെമി പെര്‍മനന്റ് ടോയ്‌ലറ്റുകളും ഉണ്ടാവും.

ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആയവരില്‍ രോഗലക്ഷണങ്ങളില്ലാത്തവരേയും നിലവിലെ സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കു കൊണ്ടുപോകേണ്ടി വരും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍നിന്നും രോഗം പകരാനും അതുവഴി സമൂഹവ്യാപനത്തിനും സാധ്യതയുണ്ട്. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പോസിറ്റീവ് ആയവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഉചിതം. പരിശോധനാ ഫലം നെഗറ്റീവ് ആകുന്ന മുറയ്ക്ക് സര്‍ക്കാര്‍ മാനദണ്ഡപ്രകാരം തിരികെ വീട്ടില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകളാണ് നിലവില്‍ കേസുകളുടെ എണ്ണം കൂടാന്‍ കാരണമായത് എന്ന തരത്തിലുള്ള പ്രചരണം ചിലര്‍ നടത്തുന്നുണ്ട്. ഇങ്ങനെ പരാതി പറയുന്നവര്‍ യാഥാര്‍ത്ഥ്യം മനസിലാക്കുന്നില്ല. ഉറക്കം നടക്കുന്നവരെ ഉണര്‍ത്താനാവില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here