തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ന്യൂനമര്‍ദം എംഫന്‍ ചുഴലിക്കാറ്റായി മാറുന്നു. ഞായറാഴ്ചയോടെ ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് അടുത്ത അഞ്ച്-ആറ് ദിവസങ്ങളില്‍ ഒഡീഷ, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ വീശാനിടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകള്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഇടത്തരം മഴ ലഭിക്കാനിടയുണ്ട്. ഒഡീഷയിലെ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി അസിത് ത്രിപാഠിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ജില്ലകള്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ചുഴലിക്കാറ്റ് വീശാനിടയുള്ള 12 ജില്ലകളില്‍ അപകടസാധ്യതയുളള മേഖലകളില്‍നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡിന്റെ സാഹചര്യംകൂടി പരിഗണിച്ച് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ജനങ്ങളെ പാര്‍പ്പിക്കാനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍, സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍മഴയോടനുബന്ധിച്ച് ശക്തമായ മഴയും പൊടുന്നനെ വീശിയടിക്കുന്ന ശക്തമായ കാറ്റും ഇടിമിന്നലും മെയ് 20 വരെ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here