സൗദി അറേബ്യയിൽ കോവിഡ് മുക്തരുടെ എണ്ണം കാൽലക്ഷം കവിഞ്ഞു.​ കഴിഞ്ഞ 24 മണിക്കൂറിനിടെ 2056 പേർക്ക്​ കൂടി അസുഖം ഭേദമായതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 25722 ആയി. ഇത്​ നേരിയ ആശ്വാസം പകരുന്നുണ്ടെങ്കിലും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നത്​ ആശങ്കയുളവാക്കുന്നതാണ്​. കർഫ്യൂ ഇളവ് അവസരമാക്കി പുറത്തിറങ്ങുന്നതും നിയന്ത്രണങ്ങളും മുൻകരുതലുകളും സ്വീകരിക്കുന്നതിൽ അലംഭാവം കാണിക്കുന്നതുമാകാം​ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയർന്നുതുടങ്ങിയതെന്ന്​ കരുതുന്നു​.

ഞായറാഴ്​ച 2736 ആളുകളിലാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. ഇതോടെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 54752 ആയി ഉയർന്നു. എന്നാലും സുഖം പ്രാപിക്കുന്നവരു​െട എണ്ണം വർധിക്കുന്നത്​ ആശ്വാസകരമാണ്​. വൈറസ്​ ബാധിച്ചാലും അതിനെ തള്ളിക്കളയാൻ തക്ക ശാരീരിക പ്രതിരോധശേഷി ഉള്ളവരാണ്​ കൂടുതലെന്നത്​ നല്ല സൂചനയാണ്​. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്​ 28718 പേരാണ്​. സുഖം പ്രാപിച്ചവരുടെ എണ്ണവും അതിന്​ അടുത്താണ്​. വൈറസ്​ ബാധിച്ചാലും അതിജീവിക്കാനാവും എന്നൊരു ആത്മവിശ്വാസം ഓരോരുത്തരിലുമുണ്ടാക്കാൻ ഈ കണക്ക്​ സഹായമാകും.

രോഗികളിലെ സൗദി, വിദേശി അനുപാതം 40​:60 എന്നായി​. കഴിഞ്ഞ 24 മണിക്കൂറിനിടെ 16045 കോവിഡ്​ ടെസ്​റ്റുകളാണ്​ നടത്തിയത്​. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 586405 ടെസ്​റ്റുകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 29ാം ദിവസത്തിലേക്ക്​ കടന്നു. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​​െൻറ പരിശോധനയ്​ക്ക്​ പുറമെ ആളുകളെ ഫോൺ ചെയ്​ത്​ വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്​റ്റിങ്ങും നടക്കുന്നു. നാലുപേർ കൂടി മരിച്ചതോടെ മക്കയിൽ 131 ഉം രണ്ടുപേർ മരിച്ച്​ ജിദ്ദയിൽ 94 ഉം ഒരോരുത്തർ മരിച്ച്​ മരിച്ച്​ മദീനയിൽ 41ഉം റിയാദിൽ 18ഉം ആയി മരണസംഖ്യ. കോവിഡ്​ ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 136 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here