ദുബായ് ∙ കൊറോണ വൈറസിന്റെ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കർമങ്ങൾ ചുരുക്കി രണ്ടാം വെള്ളിയാഴ്ച. സ്ത്രീകളും കുട്ടികളും പ്രായമേറിയവരും പ്രാർഥനകൾ വീട്ടിൽ വച്ചാക്കിയതിനാൽ മസ്ജിദുകളിൽ വിശ്വാസികൾ കുറവായിരുന്നു. കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ യാത്രകൾ പാടില്ലെന്നതിനു രണ്ടാം ഖലീഫ ഉമറുൽ ഖത്താബിന്റെ കാലത്തെ ചരിത്രഭാഗം അവതരിപ്പിച്ചായിരുന്നു പള്ളികളിൽ പണ്ഡിതർ ഹ്രസ്വഭാഷണം തുടങ്ങിയത്. 

ഹിജ്റ വർഷം പതിനെട്ടിൽ പകർച്ചവ്യാധി പിടിപെട്ടിരുന്ന കാലത്താണ് ശാമിലേക്ക് ഖലീഫ പുറപ്പെട്ടത്. പാതി വഴിയിൽ വച്ച് മഹാമാരി ശാമിനെ വരിഞ്ഞുമുറുക്കിയതറിഞ്ഞു. ഉടൻ ഖലീഫ യാത്ര വേണ്ടെന്നു വച്ച് മടങ്ങുകയായിരുന്നു. ഇതേ കുറിച്ച് അബൂഉബൈദ എന്ന അനുചരൻ അദ്ദേഹത്തോട് ചോദിച്ചു. “ദൈവ വിധിയിൽ നിന്ന് നിങ്ങൾ ഒളിച്ചോടുകയാണോ?’ അതിനുള്ള ചിന്തോദീപകമായ ഖലീഫയുടെ മറുപടി ഇങ്ങനെയായിരുന്നു ‘അതേ, ദൈവ വിധിയിൽ നിന്ന് മറ്റൊരു ദൈവവിധിയിലേക്കാണ് നമ്മൾ ഓടുന്നത്’! ‘ഒരു ഭൂപ്രദേശത്ത് മഹാമാരിയാണെന്ന് കേട്ടാൽ അങ്ങോട്ട് പോകരുത്. അത്തരം പ്രദേശങ്ങളിൽ നിന്നാരും പുറത്തേക്കും പോകരുത്’. കൊറോണക്കാലത്തെ യാത്രകൾ ഗുണകരമല്ലെന്നതിലേക്ക് പണ്ഡിതർ വിരൽ ചൂണ്ടിയത് ഈ നബിവചനം ഉദ്ധരിച്ചായിരുന്നു. ദുരിതകാലത്തെ ഈ മാതൃക പിൻതുടർന്നാണ് സിറിയൻ യാത്ര ഉമറുൽ ഫാറൂഖ് ഉപേക്ഷിച്ചതെന്നും ഖുതുബയിൽ ഓർമിപ്പിച്ചു.

ഇതേ മാതൃക തന്നെയാണ് സമൂഹ സുരക്ഷയ്ക്ക് യുഎഇ ഇപ്പോൾ പിൻതുടരുന്നത്. യാത്രക്കാർക്ക് വിമാനത്താവളങ്ങളിലുള്ള വൈദ്യ പരിശോധനയും നിരീക്ഷണമായി വീടുകളിൽ പാർപ്പിക്കുന്നതും രോഗബാധിതരാണെന്നു വ്യക്തമായാൽ ഐസൊലേഷൻ കേന്ദ്രങ്ങളിലാക്കുന്നതും ജനങ്ങളുടെ ആരോഗ്യ സുരക്ഷയിൽ ഊന്നിയാണ്. എല്ലാവരും ഈ രോഗ പ്രതിരോധ പ്രക്രിയകളിൽ സഹകരിക്കണമെന്ന് ഇമാമുമാർ അഭ്യർഥിച്ചു.

വിധിയെ മാറ്റിമറിക്കാൻ പ്രാപ്തമാണ് പ്രാർഥനയെന്ന മുഖവുരയോടെയാണ് പ്രാർഥനാനിർഭരമായ രണ്ടാം ഖുതുയുടെ തുടക്കം. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷയ്ക്കായി ഉറക്കമൊഴിച്ച് കരമനിരതരായവർക്ക് വേണ്ടി പണ്ഡിതർ പ്രാർഥിച്ചു. കര, വ്യോമ, നാവിക കവാടങ്ങളിലെ ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്സുമാർ, സന്നദ്ധ പ്രവർത്തകർ, തൊഴിലാളികൾ എന്നിവരെയെല്ലാം ഉൾപ്പെടുത്തിയ പ്രാർഥന കൊണ്ട് പള്ളികൾ ഭക്തസാന്ദ്രമായി. സംഘ നമസ്കാരം കഴിഞ്ഞ ഉടനെ ജനം വേഗം വീട് പിടിക്കുന്നുണ്ടായിരുന്നു. റോഡുകളിൽ പൊതുവെ തിരക്ക് കുറഞ്ഞ വെള്ളിയാഴ്ചയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here