ഷാര്‍ജയിലെ അബ്‌കോ എന്ന കൂറ്റന്‍ ടവറിന്റെ തീപിടിത്തത്തിന്റെ കാരണം പൊലീസ് കണ്ടെത്തി. വലിച്ചെറിഞ്ഞ സിഗരറ്റ് കെട്ടിടത്തിലെ പേപ്പര്‍ കാര്‍ട്ടൂണുകളില്‍ വീണതാണ്, തീ പടര്‍ന്ന് കെട്ടിടം ആളിക്കത്താന്‍ കാരണമെന്ന് ഷാര്‍ജ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

മുകളിലത്തെ നിലയിലോ അയല്‍ കെട്ടിടത്തിലോ ആരെങ്കിലുമാകാം ഇത് വലിച്ചെറിഞ്ഞതെന്നും ഫോറന്‍സിക് ലബോറട്ടറികളുടെ ഡയറക്ടറും പോലീസ് ഓപ്പറേഷന്‍ ആക്ടിംഗ് ഡയറക്ടറുമായ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ സെര്‍ക്കല്‍ പറഞ്ഞു.

യുഎഇയിലെ ടവറുകളിലും ബഹുനില കെട്ടിടങ്ങളിലും തീപിടിത്തമുണ്ടാകാന്‍ സിഗരറ്റ് , പ്രധാന കാരണമാണെന്ന് വളരെക്കാലമായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഷാര്‍ജയില്‍ നടന്ന പല തീപിടിത്ത സംഭവങ്ങളിലും സിഗരറ്റ് തന്നെയായിരുന്നു വില്ലന്‍.

കൂടാതെ, കെട്ടിടത്തിന്റെ പുറംഭാഗം, അലുമിനിയം കോമ്പോസിറ്റ് ക്ലാഡിംഗ് കൊണ്ട് അനാവരം ചെയ്തതിനാല്‍ തീ വേഗത്തില്‍ ആളിക്കത്താന്‍ കാരണമായി. അതിനാല്‍, അശ്രദ്ധയോടെ ഒരാള്‍ ചെയ്ത നിസാര പ്രവൃത്തി ഇത്രയും വലിയ നാശനഷ്ടമുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു. സിഗരറ്റ് വലിച്ചെറിഞ്ഞ വ്യക്തിയെ തിരിച്ചറിയാനുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇയാളെ നിയമ നടപടിക്കായി കോടതിയില്‍ ഹാജരാക്കും.

സംഭവത്തില്‍ കെട്ടിടത്തിലെ 26 ഫ്‌ളാറ്റുകള്‍ കത്തിചാമ്പലായി. കെട്ടിടത്തില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ സമീപത്തെ ഹോട്ടലുകളില്‍ താമസിച്ച് വരുകയാണ്. കെട്ടിടത്തിലെ ആകെയുള്ള 333 യൂണിറ്റുകളില്‍ 203 എണ്ണത്തിന് തീപിടിത്തം ബാധിച്ചില്ല. ആകെ 33 കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ 17 എണ്ണം അബ്‌കോ ടവറില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും 16 എണ്ണം പുറത്ത് പാര്‍ക്ക് ചെയ്തുമാണ് കത്തി നശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here