റമസാനില്‍ അസർ നമസ്കാരം കഴിഞ്ഞ് ദുബായുടെയും ഷാർജയുടെയും തെരുവോരങ്ങൾ ഇഫ്താർ വി‌ഭവങ്ങളാൽ സമൃദ്ധമാകുന്ന കാഴ്ചകൾ വീണ്ടും. കോവിഡ്19 കാരണം കഴിഞ്ഞ രണ്ട് വർഷം തെരുവിലെ കച്ചവടത്തിന് അനുമതി നിഷേധിച്ചതോടെ അപ്രത്യക്ഷമായ എണ്ണപ്പലഹാര വിൽപന ഇൗ വർഷം വീണ്ടും ആരംഭിച്ചത് നോമ്പുകാർക്കും അല്ലാത്തവർക്കും മനംകുളുർക്കുന്ന കാഴ്ചയായി.

സമൂസ തന്നെ താരം

മലയാളികളും പാക്കിസ്ഥാനികളും ബംഗ്ലാദേശികളും നടത്തുന്ന കഫ്തീരിയ, റസ്റ്ററന്റുകൾ എന്നിവയ്ക്ക് മുൻപിലാണ് റമസാൻ നോമ്പുതുറ വിഭങ്ങൾ നിരക്കുന്നത്. എല്ലാ രാജ്യക്കാരുടെയും നോമ്പുതുറ വിഭവങ്ങളിൽ ഇടം പിടിക്കുന്ന സമൂസ തന്നെയാണ് ഇൗ വർഷവും താരം. സമൂസ ഇഷ്ടപ്പെടാത്ത രാജ്യക്കാരില്ല. ചിക്കൻ, മട്ടൻ, കീമ, വെജിറ്റബിൾ സമൂസ തുടങ്ങി ഇത്തിരി വലിപ്പമുള്ള പഞ്ചാബി സമൂസ വരെ അണിനിരക്കുന്നു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷ്യ ഇനമായ കട്‌ലറ്റും മലയാളികളുടെ സ്വന്തം കുഞ്ഞിപ്പത്തിരിയും ഇതര ദേശക്കാർക്കും ഇഷ്ടവിഭവം തന്നെ. ചിക്കൻറോൾ, ഇറച്ചിപ്പത്തിരി, ഇറച്ചിയട, ഇലയട, പഴംപൊരി, ഉരുളക്കിഴങ്ങ്, ഉള്ളിവട, മുളക് ബജി, കായ ബജി, ചിക്കൻ ബജി, കിളിക്കൂട്, പഴംപൊരി, ഉന്നക്കായ, കല്ലുമ്മക്കായ, സുഖിയൻ, മസാലബോണ്ട, സ്വീറ്റ് ബോണ്ട, പഴംനിറച്ചത്, മുട്ട പഫ്സ് തുടങ്ങി ഇരുപതിലേറെ വിഭവങ്ങൾ മലയാളി റസ്റ്റന്റിൽ നിരന്നിരിക്കുന്നു. ഒരെണ്ണത്തിന് ഒന്ന് മുതൽ മൂന്ന് ദിർഹമാണ് വില. കോവിഡിന് മുൻപ് വരെ മിക്കതിനും ഒരു ദിർഹമായിരുന്നു. മുൻകൂട്ടി പറഞ്ഞ് എല്ലാ ദിവസവും എണ്ണപ്പലഹാരങ്ങൾ വാങ്ങിക്കുന്നവരുമുണ്ട്.

പാക്കിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികളുടെ വിഭവങ്ങൾക്ക് ഏതാണ്ട് ഒരേ സ്വഭാവമാണ്. പക്കുവട, ആലുകീമ, ചപ്പൽ കബാബ്, കച്ചോരി, ആലു ചിപ്സ്, ദയ് വട തുടങ്ങി പ്രത്യേക വിഭവങ്ങളായ ഫെനി, കജല, ഫലുദ എന്നിവയും ഇവിടെ ഇടംപിടിക്കുന്നു. സേമിയ മധുരം ചേർത്ത് എണ്ണയിൽ പൊരിച്ചെടുക്കുന്നതാണ് ഫെനി. മൈദയും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന കജലയ്ക്കും ഇഷ്ടക്കാരേറെ. തൈര്, കടല, പക്കുവട എന്നിവ ചേർ‌ത്തുള്ള പ്രത്യേക വിഭവമായ ദഹി വട, പ്രത്യേകതരം ഫലുദ, ജിലേബി എന്നിവയും പ്രിയങ്കരം തന്നെ.

ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യക്കാർക്കൊപ്പം സ്വദേശികളും ഫിലിപ്പീനികളും ഇൗ വിഭവങ്ങളുടെ ആരാധകരാണ്. ഒട്ടേറെ മലയാളി കുടുംബങ്ങൾ പതിവായി പലഹാരങ്ങൾ വാങ്ങിക്കുന്നു. നോമ്പില്ലാത്തവർക്കും ഒരുമാസം വൈകിട്ടത്തെ ചായക്കുള്ള പലഹാരങ്ങളാണിവ. റമസാൻ അല്ലാത്തപ്പോഴും മിക്ക മലയാളി റസ്റ്ററന്റുകളിലും എണ്ണപ്പലഹാരങ്ങൾ അടുത്തകാലത്ത് ലഭ്യമാണെങ്കിലും റമസാനിൽ വിഭവങ്ങളു‌ടെ എണ്ണം കൂടുകയും ഗുണമേന്മ വർധിക്കുകയും ചെയ്യുന്നു. മുൻകാലങ്ങളിൽ കണ്ടുവന്നിരുന്ന തിരക്കില്ലെങ്കിലും ഇഫ്താർ വിഭവങ്ങൾക്ക് ഇപ്പോഴും ആവശ്യക്കാരെത്തുന്നത് ആശ്വാസകരമാണെന്ന് റസ്റ്ററന്റ് ഉടമകൾ പറയുന്നു.

സുരക്ഷാ ക്രമീകരണങ്ങളോടെ അടച്ചുവച്ചും കണ്ണാടിക്കൂട്ടിനുള്ളിൽ വൃത്തിയോടെയും മാത്രമേ വിഭവങ്ങൾ പ്രദർശിപ്പിക്കാൻ പാടുള്ളൂ. ഇത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഇടയ്ക്കിടെ വന്ന് പരിശോധിക്കും. നിയമലംഘകർക്ക് കനത്ത പിഴ ചുമത്തും.

LEAVE A REPLY

Please enter your comment!
Please enter your name here