ദുബായിയെ ൈസക്കിൾ സൗഹൃദ നഗരമാക്കാനും രാജ്യാന്തര മത്സരവേദിയാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികൾ അതിവേഗം മുന്നോട്ട്. നിലവിലുള്ള 460 കിലോമീറ്റർ സൈക്കിൾ ട്രാക്ക് 2026 ആകുമ്പോഴേക്കും 750 കിലോമീറ്ററാക്കും. ജുമൈറ, ഒമാൻ അതിർത്തിയിലുള്ള മലയോര ഗ്രാമമായ ഹത്ത, അൽ മർമൂം ഡെസേർട്ട് കൺസർവേഷൻ റിസർവ് മേഖലകളെ ബന്ധിപ്പിച്ച് രാജ്യാന്തര മത്സരങ്ങൾ നടത്താൻ കഴിയുന്ന ഹൈടെക് സൈക്ലിങ് ട്രാക്ക് സജ്ജമാക്കാനും പർവതമേഖലകളിലെ സാഹസിക ട്രാക്കുകളെ ഇതര സൈക്ലിങ് ട്രാക്കുകളുമായി ബന്ധിപ്പിക്കാനുമുള്ള പദ്ധതികൾക്ക് രൂപം നൽകി.

നഗര മേഖലകൾ, മരുഭൂമി, പർവതമേഖലകൾ എന്നിവയെ ബന്ധിപ്പിച്ചുള്ള സൈക്കിൾ ട്രാക്കുകൾ ഇതര എമിറേറ്റുകളിലേക്കുള്ള യാത്രയും എളുപ്പമാക്കും. യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷനൽ (യുസിഐ) പ്രസിഡന്റ് ഡേവിഡ് ലപാർഷ്യന്റ്, ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ആർടിഎ ചെയർമാൻ മത്തർ അൽ തായർ എന്നിവർ കൂടിക്കാഴ്ച നടത്തി. യുസിഐ ബൈക്ക് സിറ്റി മാനദണ്ഡങ്ങൾ പാലിക്കുന്ന സൈക്കിൾ ട്രാക്കുകൾ സജ്ജമാക്കും. ദുബായിൽ പ്രതിവർഷം 30ൽ ഏറെ സൈക്കിൾ റാലികളും മത്സര പരിപാടികളും നടത്തുന്നുണ്ട്.

ഇതിൽ വനിതകൾക്കു മാത്രമായി 3 മത്സര ഇനങ്ങളാണുള്ളത്. മലയോര മേഖലകളിൽ ഉല്ലാസയാത്ര നടത്തുന്ന ഒട്ടേറെ ഗ്രൂപ്പുകളുമുണ്ട്. ദുബായിൽ ൈസക്ലിങ് നടത്തുന്നവരിൽ 13% പേർ 50 വയസ്സിനു മുകളിലുള്ളവരാണെന്നാണ് റിപ്പോർട്ട്. 40-49 വയസ്സുള്ളവർ 28%, 30-39 വയസ്സുള്ളവർ 40%, 29 വയസ്സിൽ താഴെയുള്ളവർ 19% എന്നിങ്ങനെയും. ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹാരിബ്, ഏഷ്യൻ സൈക്ലിങ് ഫെഡറേഷൻ പ്രസിഡന്റ് ഒസാമ അൽ ഷഫർ തുടങ്ങിയവരും പങ്കെടുത്തു.

ആരോഗ്യകരം, ചെലവില്ല

മലയാളികളിൽ പലരും ചെറുയാത്രകൾക്കും ഉല്ലാസത്തിനും സൈക്കിൾ ശീലമാക്കിക്കഴിഞ്ഞു. സുഹൃത്തുക്കളുടെ താമസകേന്ദ്രങ്ങൾ, പാർക്കുകൾ, കടകൾ എന്നിവിടങ്ങളിൽ പോകാൻ സൈക്കിൾ ഉപയോഗിക്കുന്നു. പ്രധാന മേഖലകളിലെല്ലാം സൈക്കിൾ ട്രാക്കുകൾ ഉള്ളതിനാൽ സുരക്ഷിതമായി യാത്രചെയ്യാം.

താമസകേന്ദ്രങ്ങളിൽ നിന്നു മൂന്നും നാലും കിലോമീറ്റർ സൈക്കിൾ ചവിട്ടി മെട്രോ സ്റ്റേഷനിലെത്തി ഓഫിസുകളിലേക്കു പുറപ്പെടുന്നവരുമുണ്ട്. തിരക്കുള്ള ദിവസങ്ങളിൽ ബസ്, ടാക്സി എന്നിവയേക്കാൾ കുറഞ്ഞ സമയം കൊണ്ട് സ്റ്റേഷനിലെത്താൻ സൈക്കിൾ യാത്രക്കാരനു കഴിയും. മടക്കയാത്രയ്ക്കും ഉത്തമം. ഓരോ മെട്രോ സ്റ്റേഷനിലും സൈക്കിളുകൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.

ഉല്ലാസത്തിനു തുടങ്ങിയ സൈക്കിൾ യാത്ര ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായെന്ന് മലയാളി സംഘം. കോട്ടയം മുട്ടമ്പലം സ്വദേശി ദീപക് അലക്സാണ്ടർ, പിറവം സ്വദേശി കോശി, കൊല്ലം സ്വദേശി അൻവർ, പത്തനംതിട്ട ഓമല്ലൂർ സ്വദേശി ഷിജു എന്നിവർ നേതൃത്വം നൽകുന്ന ചെറു സംഘം പതിവായി കിലോമീറ്ററുകളോളം സൈക്കിൾ യാത്ര നടത്തുമെങ്കിലും വാരാന്ത്യ അവധിയിലാണ് റെക്കോർഡ് കുതിപ്പ്.

താമസമേഖലയായ ഷാർജ അൽ നഹ്ദയിൽ നിന്ന് വടക്കൻ എമിറേറ്റിലെ ഷൗഖ മലയോരത്തേയ്ക്കാണ് വെള്ളിയാഴ്ചകളിലെ യാത്ര-80 കിലോമീറ്റർ. വ്യത്യസ്ത ട്രാക്കുകളിലൂടെയുള്ള യാത്ര ഒരാഴ്ച പോലും മുടക്കിയിട്ടില്ലെന്ന് ദീപക് അലക്സാണ്ടർ പറയുന്നു. ഇരുഭാഗത്തേക്കും 160 കിലോമീറ്റർ യാത്ര ചെയ്താലും തളർച്ച തോന്നില്ല. മറ്റുദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ 20 കിലോമീറ്ററെങ്കിലും സൈക്കിൾ ചവിട്ടും. 7 വർഷമായി മൗണ്ടെയ്ൻ സൈക്കിൾ ഉപയോഗിക്കുന്നതായും പറഞ്ഞു.

കോവിഡ് സാഹചര്യത്തിൽ കൂടുതൽ പേർ വ്യായാമം പതിവാക്കിയതും സൈക്കിൾ ട്രാക്കുകളിൽ തിരക്കുകൂടാൻ കാരണമായി. മറ്റു വ്യായാമങ്ങളോടു തോന്നാവുന്ന മടുപ്പ് സൈക്കിൾ യാത്രയ്ക്കില്ലെന്നു മാത്രമല്ല, കൂടുതൽ സ്ഥലങ്ങൾ കാണുകയും ചെയ്യാം. ഫുജൈറ, റാസൽഖൈമ മലയോരപാതകളിൽ അവധി ദിവസങ്ങളിലെത്തുന്ന സൈക്കിൾ യാത്രികരുടെഎണ്ണം കൂടുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here