മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സൗകര്യാർഥം കൂടുതൽ റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താനും സ്റ്റേഷൻ മേൽക്കൂരകളിലും ട്രാക്കുകളിലും ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനും ആർടിഎ പദ്ധതി. മാലിന്യം ശേഖരിക്കാനും മറ്റുമായി സ്വയംനിയന്ത്രിത സംവിധാനവും ഏർപ്പെടുത്തും.

എല്ലാ കാര്യങ്ങൾക്കും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി സ്റ്റേഷനുകളെ പൂർണമായും ‘സ്മാർട്’ ആക്കുമെന്നും മെട്രോ-ട്രാം നടത്തിപ്പ് ചുമതലയുള്ള കിയോലിസ് കമ്പനി സിഇഒ: ബെർനാഡ് ടാബറി വ്യക്തമാക്കി. മധ്യപൂർവദേശവും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന ‘മേന’ മേഖലാ ട്രാൻസ്പോർട്ട് കോൺഗ്രസ് ആൻഡ് എക്സിബിഷനോടനുബന്ധിച്ച് ഭാവി പദ്ധതികൾ വിശദീകരിച്ചു.

19 രാജ്യങ്ങളിൽ നിന്നുള്ള 1,000 പ്രതിനിധികൾ പങ്കെടുക്കുന്ന മേള ഇന്ന് അവസാനിക്കും. മെട്രോ സർവീസുകൾ, ഉപഭോക്തൃ സേവനം, അറ്റകുറ്റപ്പണികൾ എന്നിവ കൂടുതൽ കാര്യക്ഷമമാക്കാൻ നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തും. ട്രെയിനുകളിലും പ്ലാറ്റ്ഫോം ഡോറുകളിലും സെൻസറുകൾ സ്ഥാപിക്കും. മേൽക്കൂരകളിലെയും മറ്റും തകരാറുകൾ എളുപ്പം കണ്ടെത്താൻ ഡ്രോണുകൾക്കു കഴിയും.

എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കാനും നിയന്ത്രിക്കാനും കേന്ദ്രീകൃത സംവിധാനമായ ഓപ്പറേഷൻസ് കൺട്രോൾ സെന്ററിനു (ഒസിസി) കഴിയും. യാത്രക്കാരുടെ തിരക്കേറിയതോടെ ജീവനക്കാരുടെ എണ്ണം കൂട്ടി. ചില മേഖലകളിൽ ഇരട്ടിയാക്കി. ടെക്നീഷന്മാരുടെ ജോലി എളുപ്പമാക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ നൽകി. ഒസിസി ഉദ്യോഗസ്ഥർക്ക് സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തി അതത് ജീവനക്കാർക്ക് തത്സമയം നിർദേശം നൽകാനാകും.

എക്സ്പോ മാതൃകയിൽ മെട്രോയിലും കൂടുതൽ റോബട്ടുകളെ നിയോഗിക്കുന്നതോടെ സേവനങ്ങളിലെ കാര്യക്ഷമത വർധിപ്പിക്കാമെന്നാണു പ്രതീക്ഷ. നിലവിൽ ചില സ്റ്റേഷനുകളിൽ ശുചീകരണ ജോലികൾക്ക് റോബട്ടുകളുണ്ട്. ലേസർ നിയന്ത്രിത സെൻസറുകളുള്ള റോബട്ടിന് തടസ്സങ്ങൾ കണ്ടെത്തി ഒഴിഞ്ഞുപോകാനും 90 ലീറ്റർ വെള്ളം ഉൾക്കൊള്ളാനും കഴിയും. സാധാരണ രീതിയേക്കാൾ വെള്ളം കുറഞ്ഞ അളവിൽ മതി എന്നതാണ് മറ്റൊരു നേട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here