ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായ ദുബായ് റൈഡ് തിരിച്ചെത്തുന്നു. നവംബർ അഞ്ചിന് ഷെയ്ഖ് സായിദ് റോഡിലാണ് പരിപാടി. ഒട്ടേറെ മലയാളികളടക്കം ഇന്ത്യക്കാർ കൂടി പങ്കെടുത്ത കഴിഞ്ഞവർഷത്തെ ചരിത്രപരമായ അരങ്ങേറ്റത്തിന് ശേഷം, സൈക്കിൾ യാത്രക്കാർക്ക് ദുബായിലെ ഇൗ പ്രധാന പാതയിലൂടെ സഞ്ചരിക്കാൻ സവിശേഷമായ അവസരം നൽകുന്നതാണ് പരിപാടി.

ഡിപി വേൾഡ് അവതരിപ്പിക്കുന്ന ദുബായ് റൈഡ് സൈക്ലിസ്റ്റുകൾക്കായി തുറന്നിരിക്കുന്നതായി അധികൃതർ പറഞ്ഞു. തുടക്കക്കാർക്കും പരിചയസമ്പന്നര്‍ക്കും പ്രഫഷണലുകൾക്കും വ്യത്യസ്ത വിഭാഗത്തിലായി പങ്കെടുക്കാം. 10 വയസും അതിന് മുകളിലുമുള്ളവർക്ക് 14 കി.മീ ജനറൽ റൂട്ട് ഷെയ്ഖ് സായിദ് റോഡിനും ലോവർ ഫിനാൻഷ്യൽ സെന്റർ റോഡിനും ചുറ്റുമുള്ള അഞ്ച് സ്ഥലങ്ങളിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യും. മ്യൂസിയം ഒാഫ് ഫ്യൂച്ചർ, എമിറേറ്റ്സ് ടവേഴ്സ്, ഡൗൺടൗൺ ദുബായ് എന്നിവയിലൂടെയും കടന്നുപോകും.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ബുർജ് ഖലീഫ എന്നിവയ്ക്ക് ചുറ്റുമുള്ള റൂട്ട് ഉപയോഗിച്ച് നാലു കിലോമീറ്റർ സഞ്ചാരത്തിൽ പങ്കെടക്കാൻ കുടുംബങ്ങളെയാണ് കൂടതലും പ്രോത്സാഹിപ്പിക്കുന്നത്. ‌‌

ഇപ്രാവശ്യത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒട്ടേറെ പരിപാടികളാണ് ഒരുക്കുന്നത്. സൗജന്യ ഫിറ്റ്നസ് ഇവന്റുകൾ, ക്ലാസുകൾ, വെൽബീയിങ് പരിപാടികൾ തുടങ്ങിയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറും. കൈറ്റ് ബീച്ച്, എക്സ്പോ 2020 ദുബായ്, മുഷ്‍രിഫ് പാർക്ക് എന്നിവിടങ്ങളിലെ മൂന്ന് ഫിറ്റ്നസ് വില്ലേജുകൾ, ദുബായിലെ കമ്മ്യൂണിറ്റികളിലെ 14 ഫിറ്റ്നസ് ഹബ്ബുകൾ, 5,000 -ലേറെ സൗജന്യ ഫിറ്റ്നസ് ക്ലാസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ‌

LEAVE A REPLY

Please enter your comment!
Please enter your name here