വേനലവധി ആഘോഷിക്കാൻ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് നടത്തുന്ന സമ്മർ സർപ്രൈസ് മേളയുടെ (ഡി.എസ്.എസ്.) 23-മത് പതിപ്പിന് വ്യാഴാഴ്ച തുടക്കം. ഓഗസ്റ്റ് 29 വരെയായിരിക്കും മേള. നിരവധി ആഘോഷപരിപാടികളും വിപണി ഇളവുകളുമാണ് ദുബായ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. മാളുകളിലെ റീട്ടെയിൽ സ്ഥാപനങ്ങളിലെ വിപണനമേളയാണ് ഇതിൽ പ്രധാനപ്പെട്ടത്.

കുടുംബത്തിലെ മുഴുവൻ ആളുകൾക്കും ഉപയോഗപ്രദമായ ലോകോത്തര ബ്രാൻഡുകളുടെ വലിയശ്രേണിയാണ് വിലക്കുറവിൽ ലഭ്യമാക്കുക. ഉത്പന്നങ്ങൾക്ക് 90 ശതമാനംവരെ വിലക്കുറവും 12 മണിക്കൂർ വിൽപ്പനയുമുണ്ടാകും. കൂടാതെ അറ്റ്‌ലാന്റിസ് ഭാഗത്ത് ജൂലായ് 16 മുതൽ 18 വരെ രാത്രി 8.30-ന് കരിമരുന്ന് പ്രയോഗം നടക്കും. ആരോഗ്യസുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുതന്നെ വേനൽക്കാല ആഘോഷങ്ങളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഡി.എഫ്.ആർ.ഇ. സി.ഇ.ഒ. അഹമ്മദ് അൽ ഖജ പറഞ്ഞു.

ഷോപ്പിങ് മാളുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ കർശന കോവിഡ് സുരക്ഷാനടപടികളാണ് പിന്തുടരുന്നത്. ഡി.എസ്.എസ്. അവസാനിക്കുന്നതോടെ പല ആഘോഷപരിപാടികളും എമിറേറ്റിൽ തിരികെയെത്തും. ഈദ് അൽ അദ, ബാക്ക് ടു സ്കൂൾ എന്നിവയുൾപ്പെടെ നിരവധി ആഘോഷ പ്രചാരണ പരിപാടികളും തുടർന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.എസ്.എസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക്: www.dubaisummersurprises.com

LEAVE A REPLY

Please enter your comment!
Please enter your name here