കഫേകളിലും റസ്റ്ററന്റുകളിലും ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കി സൗദി അറേബ്യ. കറന്‍സിയുടെ ക്രയവിക്രയം കുറയ്ക്കുകയാണ് ലക്ഷ്യം. തീരുമാനം വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ വര്‍ഷമാണ് എല്ലാ മേഖലകളിലും ക്രമേണ ഇലക്‌ട്രോണിക് പേയ്മെന്റ് സംവിധാനം നടപ്പാക്കാന്‍ തുടങ്ങിയത്. ഘട്ടങ്ങളായി വിവിധ വാണിജ്യ മേഖലകളില്‍ സംവിധാനം നിര്‍ബന്ധമാക്കി വരികയാണ്. ആദ്യം പെട്രോള്‍ പമ്ബുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് ആരംഭിച്ചത്. 2020 ഓഗസ്റ്റ് 25ഓടെ എല്ലാ വാണിജ്യ മേഖലകളിലും ഇ പേയ്മെന്റ് നടപ്പാക്കാനാണ് തീരുമാനം.

അഞ്ചാംഘട്ട നടപടികളുടെ ഭാഗമായാണ് റസ്റ്ററന്റുകളിലും കഫേകളിലും ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കിയത്. ചെറുകിട മേഖലയിലെ 70 ശതമാനം വരുന്ന അന്‍പതോളം വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം തന്നെ ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25ഓടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കും. ആദ്യഘട്ടമായി ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കിയത് പെട്രോള്‍, ഗ്യാസ് സ്റ്റേഷനുകളിലായിരുന്നെങ്കില്‍ രണ്ടാംഘട്ടത്തില്‍ വര്‍ക്ക് ഷോപ്പുകള്‍, ഓട്ടോ പാര്‍ട്സ് കടകള്‍ എന്നിവയാണ് ഉള്‍പ്പെട്ടത്. സലൂണുകള്‍, ലോന്‍ഡ്രി സര്‍വീസുകളിലാണ് മൂന്നാം ഘട്ടത്തില്‍ ഇത് നടപ്പാക്കിയത്. പലവ്യഞ്ജന കടകളും സപ്ലൈ സ്റ്റോറുകളുമാണ് നാലാം ഘട്ടത്തില്‍.

പാര്‍ട്ടികള്‍ക്കും മറ്റും ഭക്ഷണം വിതരണം ചെയ്യുന്ന റസ്റ്ററന്റുകള്‍, ഫാസ്റ്റ് ഫുഡ്, സീഫുഡ്, കഫേകള്‍, ബുഫെ സെന്ററുകള്‍, കഫിറ്റീരിയകള്‍, ഭക്ഷണം വില്‍പന നടത്തുന്ന ട്രക്കുകള്‍, ജ്യൂസ് കടകള്‍, ഐസ്ക്രീം ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് അഞ്ചാം ഘട്ടത്തില്‍ ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കിയത്. നിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് കര്‍ശനമായി നീരീക്ഷിക്കുമെന്നും നടപ്പാക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here