ഈ ഭൂമിയിലേക്ക് പിറവിയെടുക്കാൻ തങ്ങൾക്ക് ഇടം നൽകിയ അമ്മമാർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയാണ് ഇടപ്പള്ളി അൽ-അമീൻ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ. മാതൃദിനത്തിൽ ഓൺലൈനായി സംഘടിപ്പിച്ച സ്നേഹപൂർവ്വം അമ്മയ്ക്ക് എന്ന വീഡിയോ പരിപാടിയിലൂടെയാണ് എല്ലാവരും ഒരുമിച്ചത്. കെ ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ അമ്മമാരോട് അവർക്കുള്ള ഹൃദയം നിറഞ്ഞ സ്നേഹം പങ്കുവെക്കുന്നു.

ഒരു മാതൃദിനം വേണമെന്നില്ല നമുക്ക് അമ്മയെ ഓർക്കുവാനും സ്നേഹിക്കുവാനും. പക്ഷെ, ജീവിതഗതിയിൽ അവർ നമുക്കായി അനുഷ്ഠിക്കുന്ന ഓരോ കാര്യങ്ങളും തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കുവാൻ നമ്മളാരും ശ്രദ്ധിക്കാറില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളോട് അവരുടെ അമ്മമാരോടുള്ള സ്നേഹത്തെ കുറിച്ച് പങ്കുവെയ്ക്കുവാൻ ആവശ്യപ്പെട്ടത്.

തികച്ചും ഹൃദയസ്പർശിയായിരുന്നു കുട്ടികൾ വീഡിയോയിലൂടെ അയച്ചു തന്ന ഓരോ വാചകങ്ങളും. കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും ഹൃദ്യതയും നിലനിർത്തുവാനും മാതൃസ്നേഹത്തിന്റെ മഹനീയത വിദ്യാർത്ഥികളിൽ എത്തിക്കുവാനും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കഴിയുമെന്ന് മാനേജർ ശ്രീ സിയാദ് കോക്കർ അറിയിച്ചു.

മുൻപ് അവധിദിനങ്ങളിൽ ഓൺലൈൻ സമ്മർ ക്യാമ്പൊരുക്കി നൂതനമായ ഒരു പദ്ധതി ആവിഷ്‌കരിച്ച് കേരളത്തിലെ മറ്റുള്ള സ്കൂളുകൾക്ക് മാതൃകയാവുകയും ജനങ്ങളുടെ ഇടയിൽ വൻ ജനശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു അൽ അമീൻ സ്കൂൾ. സി.ബി.എസ്.ഇ സിലബസ്സിൽ പഠനം നടത്തുന്ന മൂവായിരത്തോളം കുട്ടികളെ ഒരേ പ്ലാറ്റ്ഫോമിൽ തന്നെ അണിനിരത്തിക്കൊണ്ടാണ് “ടുഗെതെർ 2020” എന്ന പേരിൽ ഈ അവധിക്കാല സമ്മർ ക്യാമ്പ് ശ്രദ്ധയാകർഷിച്ചത്‌. ഏപ്രിൽ ആറാം തിയതി ആരംഭിച്ച സമ്മർ ക്യാമ്പ് വളരെ വിജയകരമായിരുന്നു. പ്രകൃതിയോടുള്ള സ്നേഹം, ഊർജ്ജസംരക്ഷണം, കോറോണക്കെതിരായ ബോധവൽക്കരണം, ആരോഗ്യപ്രവർത്തകളുടെ നന്ദിപ്രകടനം, ഫോട്ടോഗ്രാഫി, ബി എ ടീച്ചർ, മൈക്രോ ഗ്രീൻ, പഴഞ്ചൊല്ലിൽ പതിരില്ല, പൊടിക്കൈകൾ തുടങ്ങിയ വിഷയങ്ങളായിരുന്നു കുട്ടികൾക്ക് അതിൽ നൽകിയത്. കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും വളരെ ആവേശത്തോടെയാണ് ഈ ക്യാമ്പിനെ ഏറ്റെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here