ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വൻ തോല്‍വി. 227 റണ്‍സിനാണ് ഇന്ത്യ പരാജയമേറ്റുവാങ്ങിയത്. 72 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും 50 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും മാത്രമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിംഗ്സില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഋഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും വേഗത്തില്‍ പുറത്തായി. സുന്ദറിന് റണ്ണൊന്നും നേടാന്‍ കഴിയാതിരുന്നപ്പോള്‍ പന്ത് 11 റണ്‍സെടുത്ത് കൂടാരം കയറി.

ഒരു വിക്കറ്റിന് 39 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിക്കുന്നത്. സ്‌കോര്‍ 58ല്‍ നില്‍ക്കെ പൂജാര വീണു. അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ഗില്ലും പൂജാരയ്ക്ക് പിന്നാലെയെത്തിയ രെഹാനെയും തുടരെ പുറത്തായതോടെ ഇന്ത്യ 92-4 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് പന്തും സുന്ദറും കൂടി പുറത്തായതോടെ ഇന്ത്യയുടെ പതനം പൂര്‍ത്തിയായി. വാലറ്റത്ത് അശ്വിനെ കൂട്ടുപിടിച്ച്‌ വിരാട് കോഹ്‌ലി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇംഗ്ലണ്ടിന് വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ ജെയിംസ് ആഡേഴ്സണ്‍ 3 വിക്കറ്റും ജാക്ക് ലീ 4 വിക്കറ്റും നേടി. യുവ സ്പിന്നര്‍ ഡോമ്നിക് ബെസ്സും ജോഫ്രാ ആര്‍ച്ചറും ബെന്‍ സ്റ്റോക്‌സും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 578ന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 337ല്‍ അവസാനിച്ചിരുന്നു. ടി20 ശൈലിയില്‍ ബാറ്റ് വീശിയ ഋഷഭ് പന്തും (91 റണ്‍സ്), വാലറ്റത്ത് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറും(85 റണ്‍സ്)* നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഇന്നിംഗ്‌സില്‍ ചേതേശ്വര്‍ പൂജാരയും (73 റണ്‍സ്) അര്‍ധസെഞ്ച്വറി നേടി.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ആദ്യ പന്തില്‍ വിക്കറ്റെടുത്താണ് ഇന്ത്യ തുടങ്ങിയത്. അശ്വിനായിരുന്നു വിക്കറ്റ്. സ്‌കോര്‍ വേഗത്തിലാക്കി ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും അശ്വിനും നദീമും ചേര്‍ന്ന് ഇംഗ്ലീഷ്പ്പടയെ വരിഞ്ഞു മുറുക്കി. അശ്വിന്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്നതോടെ റൂട്ടും കൂട്ടാളികളും 178ന് പുറത്തായി. അശ്വിന്‍ ആറും നദീം രണ്ട് വിക്കറ്റും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here