ക്വാറന്റീൻ കാലാവധി 28 ദിവസമാക്കിയതു കാരണം പല പ്രവാസി കുടുംബങ്ങളും മടക്കയാത്രയ്ക്കു മടിക്കുന്നു. സ്വന്തം വീട്ടിൽ പോലും ക്വാറന്റീനിൽ കഴിയാൻ അനുവദിക്കാത്തതു മൂലവും പല പ്രവാസികളും യാത്ര റദ്ദാക്കി. ഇതു മൂലം വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങൾക്ക് വേണ്ടത്ര യാത്രക്കാരില്ല.

എന്നാൽ ഇപ്പോൾ യാത്രക്കാരെ കിട്ടാനായി വിമാനകമ്പനികളും ചാർട്ടർ വിമാന സർവീസ് നടത്തുന്ന സംഘാടകരും രംഗത്തിറങ്ങുകയാണ്. മുൻകൂട്ടി റജിസ്ട്രേഷൻ എടുത്ത ശേഷമാണ് പലരും വിവിധ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ചതെങ്കിലും യാത്രക്കാർ പിൻവാങ്ങുന്ന ഇവർക്ക് തിരിച്ചടിയായി. പലയിടങ്ങളിലായി റജിസ്റ്റർ ചെയ്തവർ കിട്ടിയ വിമാനങ്ങളിൽ കയറിപ്പോകുന്നതും പ്രശ്നമാകുന്നു.

യാത്രയിലെ സുരക്ഷിതത്വം

ഇവിടത്തെ പരിശോധനയിൽ രോഗമില്ലെന്നു തെളിഞ്ഞിട്ടും നാട്ടിലെ വിമാനത്താവളത്തിലെ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നതും യാത്ര ഒഴിവാക്കാൻ ചിലരെ പ്രേരിപ്പിച്ചിട്ടുണ്ട്. കോവിഡ് ഭീതിയിൽ നാട്ടിലേക്കു പോയാൽ തിരിച്ചുവരാനാകുമോ എന്നാണ് മറ്റൊരു കൂട്ടരുടെ ഭീതി. നാട്ടിലെ ക്വാറന്റീൻ കഴിഞ്ഞ് തിരിച്ച് യുഎഇയിൽ എത്തിയാൽ വീണ്ടും ക്വാറന്റീനിൽ കഴിയേണ്ടിവരുന്നതും യാത്ര ഒഴിവാക്കാൻ ചിലരെ പ്രേരിപ്പിച്ചു.

വന്ദേഭാരതിനും യാത്രക്കാർ കുറവ്

റജിസ്റ്റർ ചെയ്തവരിൽ എണ്ണൂറോളം പേരെ വിളിച്ചപ്പോഴാണ് അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വന്ദേഭാരത് വിമാനത്തിലേക്ക് ആളെ കിട്ടിയത്. ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലേക്ക് 178 പേരെ ഉൾക്കൊള്ളിക്കാൻ 1300 പേരെ വിളിക്കേണ്ടിവന്നു. മറ്റു സെക്ടറുകളിലും സ്ഥിതി വ്യത്യസ്തമല്ല.

കോഴിക്കോട്ടേക്ക് 2 വിമാനം റദ്ദാക്കി

അബുദാബിയിൽനിന്ന് 28നും 30നും കോഴിക്കോട്ടേക്ക് ഷെഡ്യൂൾ ചെയ്തിരുന്ന 2 വിമാനങ്ങൾ യാത്രക്കാരുടെ കുറവു മൂലം റദ്ദാക്കി. പകരം യഥാക്രമം കണ്ണൂരിലേക്കും കൊച്ചിയിലേക്കുമാണ് ഈ വിമാനങ്ങൾ റീ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here