വിസ്മയങ്ങളുടെ വിശ്വമേളയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ അരങ്ങിലും അണിയറയിലും അവസാനവട്ട ഒരുക്കങ്ങൾ അതിവേഗത്തിൽ. വിവിധ വേദികളിലെ വിനോദങ്ങളുടെയും വിരുന്നുകളുടെയും സമഗ്രവിവരങ്ങൾ സന്ദർശകർക്കു ലഭ്യമാക്കാനും യാത്രകൾ ആയാസരഹിതമാക്കാനുമുള്ള നടപടികൾക്കു രൂപം നൽകി. അതത് മേഖലകളിൽ പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗസ്ഥർക്കും വൊളന്റിയർമാർക്കുമാണ് ചുമതല. സന്ദർശകർ ഒന്നിലേറെ തവണ എത്തുമെന്നതിനാൽ ഓരോ ദിവസത്തെയും യാത്രകൾ ആസൂത്രണം ചെയ്യാൻ സ്മാർട് സംവിധാനമൊരുക്കി.

കലകൾ, ശാസ്ത്രകൗതുകങ്ങൾ, ഭക്ഷ്യമേളകൾ, ഉല്ലാസ പരിപാടികൾ എന്നിങ്ങനെ രാപകൽ തുടരുന്ന ആഘോഷപരിപാടികളാണ് അടുത്തമാസം ഒന്നു മുതൽ 2022 മാർച്ച് 31 വരെ അരങ്ങേറുക. ലോകത്തിലെ ഏതു ഭക്ഷണവും കിട്ടുന്ന 200 രുചിയരങ്ങുകളും 60 കലാവിരുന്നുകളും ദിവസവുമുണ്ടാകും. ‘ലോകം കാണാൻ ദുബായിലേക്ക്’ എന്ന അസുലഭ അനുഭവം സന്ദർശകർക്ക് ലഭ്യമാക്കാൻ എക്സ്പോ ചരിത്രം തിരുത്താനൊരുങ്ങുകയാണ് സ്വപ്നനഗരം.

എക്സ്പോയ്ക്കു മുന്നോടിയായി ഈ മാസം 30ന് നടക്കുന്ന ആഘോഷ പരിപാടിയിൽ കഴിഞ്ഞമാസം 14നു മുൻപ് സീസൺ പാസ് എടുത്തവർക്കും ക്ഷണിക്കപ്പെട്ടവർക്കുമാണ് അവസരം.

പ്രവേശനം സൗജന്യമായവർ

എക്സ്പോയിൽ സൗജന്യ ടിക്കറ്റിന് അർഹരായവർക്ക് ഇനിയും ഓൺലൈനിൽ ബുക്ക് ചെയ്യാം. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ, ലോകത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഐഡിയുള്ള വിദ്യാർഥികൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർ, 60 വയസ്സ് കഴിഞ്ഞ വയോധികർ എന്നിവർക്കാണ് സൗജന്യ പ്രവേശനം. കുട്ടികളുടെയും പ്രത്യേക പരിചരണം ആവശ്യമായവരുടെയും സഹായത്തിന് ഒപ്പമുള്ളയാൾ പകുതി തുക നൽകിയാൽ മതി.

പ്രവേശന സമയം

സാധാരണ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി ഒന്നുവരെയും വെള്ളി, ശനി ദിവസങ്ങളിലും മറ്റു പൊതുഅവധികളിലും രാവിലെ 10 മുതൽ പുലർച്ചെ 2 വരെയുമാണ് പ്രവേശനം.

തിരക്കുള്ള ദിവസങ്ങളിൽ നിയന്ത്രണമുണ്ടാകുമെന്നതിനാൽ സന്ദർശകർ വെബ്സൈറ്റ് വഴിയോ ആപ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യണം. സീസൺ പാസ് ഉള്ളവർക്കും തിരക്ക് കണക്കിലെത്താകും പ്രവേശനം അനുവദിക്കുക.

പ്രവേശന കവാടങ്ങളിലെ ഇൻഫർമേഷൻ ഓഫിസുകളോടനുബന്ധിച്ച് വീൽ ചെയറുകൾ, കൊച്ചുകുട്ടികളെ കൊണ്ടുപോകാനുള്ള സ്ട്രാളറുകൾ എന്നിവ വാടകയ്ക്കു കിട്ടും.

കാത്തുനിന്ന് മടുക്കേണ്ട

പ്രവേശനത്തിന് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ഈ എക്സ്പോയിൽ ഉണ്ടാകില്ല. വെബ്സൈറ്റ്, ആപ് വഴിയുള്ള വെർച്വൽ ക്യൂ സംവിധാനമാണ് സംഘാടകർ ഒരുക്കിയത്. കൃത്യസമയം നോക്കി എത്തിയാൽ മതി. റസ്റ്ററന്റുകളിലും ഈ സംവിധാനമൊരുക്കാനാണ് പദ്ധതി. ഒരു വെർച്വൽ ക്യൂവിൽ നിൽക്കുമ്പോൾ സമയം ക്രമീകരിച്ച് അടുത്ത പവിലിയനിലേക്കുള്ള ക്യൂവിൽ റജിസ്റ്റർ ചെയ്യാം.

ബസ്, മെട്രോ യാത്ര എളുപ്പം

എക്സ്പോയുടെ 3 പ്രധാന ഗേറ്റുകളിലേക്ക് വിവിധ മേഖലകളിൽ നിന്നു ബസുകളിൽ എത്താം. ഇതര എമിറേറ്റുകളിൽ നിന്നും സൗകര്യമൊരുക്കിയിട്ടുണ്ട്.

അബുദാബി വിമാനത്താവളം, ബസ് സ്റ്റേഷൻ, മറീന മാൾ സ്റ്റേഷൻ, അൽഐൻ സ്റ്റേഷൻ, ഷാർജ അൽ ജുബൈൽ, മുവൈല, ഫുജൈറ സിറ്റി സെന്ററിനു സമീപം എന്നിവിടങ്ങളിൽ നിന്നും റാസൽഖൈമ-അജ്മാൻ എമിറേറ്റുകളെ ബന്ധിപ്പിച്ചും ഇന്റർസിറ്റി സർവീസുകളുണ്ട്.

റൂട്ട് 2020 മെട്രോ സർവീസിലും വേദിയിൽ നേരിട്ടെത്താം. ഇരുദിശയിലേക്കും മണിക്കൂറിൽ 46,000ൽ ഏറെ പേർക്കു യാത്ര ചെയ്യാനാകും. മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഫീഡർ ബസുകളുമുണ്ട്.

ദുബായിൽ പ്രധാനകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് എക്സ്പോ വേദിയിലേക്കുള്ള ബസ് യാത്ര സൗജന്യമാണ്.

ടാക്സി യാത്രയ്ക്ക് കരീം, ഊബർ ആപ്പുകളിൽ ബുക്ക് ചെയ്യാം. വീൽ ചെയർ ഉപയോഗിക്കുന്നവർക്കുള്ള പ്രത്യേക ടാക്സികളും ദുബായ് ടാക്സി കോർപറേഷൻ ഒരുക്കി. ഫോൺ: 800 88088.

പാർക്കിങ് സൗജന്യം

സ്വന്തം വാഹനങ്ങളിൽ വന്നാൽ നിശ്ചിത മേഖലകളിൽ ശനി-ബുധൻ ദിവസങ്ങളിൽ രാവിലെ 8.30 മുതൽ രാത്രി 12.30 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതു അവധികളിലും രാവിലെ 8.30 മുതൽ ഉച്ചയ്ക്കു 2.30വരെയും സൗജന്യമായി പാർക്ക് ചെയ്യാം.

പാർക്കിങ് സോണുകൾ

4 പ്രധാന പാർക്കിങ് സോണുകളാണുള്ളത്. ഓപ്പർച്യൂണിറ്റി പാർക്കിങ് സോണിലേക്ക് ഇ77 എക്സ്പോ റോഡിലൂടെ എത്തണം.

സസ്റ്റൈനബിലിറ്റി സോൺ: ഇ77, ഡി 54 സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ്.

മൊബിലിറ്റി സോൺ, ദുബായ് എക്സിബിഷൻ സെന്റർ: ഇ311 ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്.

വാഹനം പാർക്ക് ചെയ്ത സ്ഥലം ഓർമയില്ലെങ്കിലും പ്രശ്നമില്ല. പാർക്കിങ് മേഖലയുടെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ പൂർണവിവരം കിട്ടും. അതുമല്ലെങ്കിൽ വൊളന്റിയർമാരുടെ സേവനം ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here