എക്സ്പോയുടെ അത്ഭുതലോകത്ത് സന്ദർശകർക്കായി ഒരുക്കുന്നത് ‘സംഗീത സ്വർഗം’. എ.ആർ. റഹ്മാൻ ഉൾപ്പെടെയുള്ള രാജ്യാന്തര പ്രതിഭകൾ സൃഷ്ടിക്കുന്ന സംഗീതപ്രപഞ്ചം എക്സ്പോ ചരിത്രത്തിൽ ഇതാദ്യം. ഇന്ത്യൻ, അറേബ്യൻ, പേർഷ്യൻ ഈണങ്ങളുടെയടക്കം മാന്ത്രിക സ്പർശം ‘സ്വർഗീയ’ അനുഭവമാകും.

എ.ആർ. റഹ്മാൻ പരിശീലിപ്പിക്കുന്ന ഫിർദൗസ് (സ്വർഗം) വനിതാ ഓർക്കസ്ട്രയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള റെക്കോർഡിങ് സ്റ്റുഡിയോയുമാണ് ഇന്ത്യയുടെ അഭിമാനമുയർത്തുക. റഹ്മാന്റെ പേരിലുള്ള റെക്കോർഡിങ് സ്റ്റുഡിയോ എക്സ്പോയ്ക്കു ശേഷവും നിലനിർത്തും. അദ്ദേഹം ചിട്ടപ്പെടുത്തിയ 2 ഗാനങ്ങളാണ് ഫിർദൗസ് അവതരിപ്പിക്കുന്നത്.

വിവിധ ഘട്ടങ്ങളിലായി നടത്തുന്ന പരിശീലന പരിപാടികളിൽ മികവു പുലർത്തുന്ന, മധ്യപൂർവദേശവും ഉത്തര ആഫ്രിക്കയും ഉൾപ്പെടുന്ന ‘മേന’ മേഖലയിലെ 50 വനിതകളാണ് ഫിർദൗസിൽ ഉണ്ടാകുക. പരമ്പരാഗത അറേബ്യൻ, പേർഷ്യൻ സംഗീതോപകരണങ്ങൾ മാത്രം ഉപയോഗിച്ചാകും ഈണങ്ങൾ ചിട്ടപ്പെടുത്തുക. ഇവയ്ക്കു പുറമേ ഗസൽ, സൂഫി, കവാലി, ഖയാൽ, തുമ്‌രി ഈണങ്ങളും ഹിന്ദുസ്ഥാനി മേളപ്പെരുമഴയും അരങ്ങിൽ ആരോഹണ അവരോഹണങ്ങളാകും.

സംഗീത ലോകമാകാൻ ദുബായ്

ദുബായിയെ സംഗീതത്തിന്റെയും റെക്കോർഡിങ്ങിന്റെയും രാജ്യാന്തര േകന്ദ്രമാക്കുന്നതിന് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ റെക്കോർഡിങ് സ്റ്റുഡിയോ. പാട്ടുകൾ റെക്കോർഡ് ചെയ്യുന്നതിനു പുറമേ സംഗീത ആൽബങ്ങൾ പുറത്തിറക്കാനും ലൈവ് പരിപാടികൾ അവതരിപ്പിക്കാനും ലക്ഷ്യമിടുന്നു. അറബ് മേഖലയുടെ സംഗീതപാരമ്പര്യത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ രാജ്യമാണ് യുഎഇ. ഹത്ത പൈതൃകഗ്രാമത്തിലടക്കം ഇതിന്റെ തെളിവുകളുണ്ട്. സംഗീതോപകരണങ്ങളായ റിബാബ, ദർബൂക, ഔദ് തുടങ്ങിയവ നൂറുകണക്കിനു വർഷങ്ങൾക്കു മുൻപ് യുഎഇയിൽ ഉപയോഗിച്ചിരുന്നു.

ൽ വാസൽ ഓപ്പറയാണ് എക്സ്പോയെ വ്യത്യസ്തമാക്കുന്ന മറ്റൊരു അരങ്ങ്. 100ൽ ഏറെ രാജ്യാന്തര സംഗീത പ്രതിഭകളും 70 കലാകാരന്മാരും ഇവിടെയുണ്ടാകും. വിവിധ സംഗീത ശാഖകളെ അടുത്തറിയാൻ അവസരമൊരുക്കുന്ന ഇവിടെ കലാപരിപാടികൾക്കു പുറമേ ശിൽപശാലകളും ഉണ്ടാകും. സ്കൂൾ വിദ്യാർഥികളുടെ സംഗീത ട്രൂപ്പുകൾക്കും ഇവിടെ അവസരം ലഭിക്കും. 6 മാസം നീളുന്ന എക്സ്പോയിൽ എല്ലാ ദിവസവും സംഗീത പരിപാടികൾ ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here