മഞ്ഞുമലകളിൽ നിന്ന് വെള്ളവും നവീന ജൈവ കൃഷിയിലൂടെ ആരോഗ്യകരമായ ഭക്ഷണവും ഒരുക്കി കാഴ്ചകളെ സമൃദ്ധമാക്കുകയാണ് എക്സ്പോ2020. സൗരോർജം കൊണ്ട് തലയിലും ആശയങ്ങളുടെ ആയിരം ബൾബുകൾ മിന്നിക്കുകയാണ് ഇവിടെ.

ജീവിതത്തെ മാറ്റിമറിക്കാവുന്ന ചിന്തകളുടെ കലവറയാവുകയാണ് ഇവിടം. എക്സ്പോയുടെ അടിസ്ഥാന പ്രമേയങ്ങളായ ഓപ്പർച്യുനിറ്റി (അവസരം), മൊബിലിറ്റി(ചലനാത്മകത), സസ്റ്റെയ്നബിലിറ്റി (സുസ്ഥിരത) എന്നിവയെ അടിസ്ഥാനമാക്കിയുള്ള പവിലിയനുകളിലെല്ലാം ലോകത്തെ സ്വാധീനിക്കുന്ന കാഴ്ചകൾ സജ്ജമാക്കിയിട്ടുണ്ട്.

വെറും കാഴ്ചകൾക്കപ്പുറം നവീന ആശയങ്ങളിലൂടെ മെച്ചപ്പെട്ട ലോകം സൃഷ്ടിക്കാൻ സാധിക്കുന്ന ചിന്തകൾ കൂടി പകരുന്നവയാണ് അവ. വ്യക്തികളും സമൂഹവും ഒന്നായി പ്രവർത്തിച്ച് അവ സാധ്യമാക്കണം എന്ന സന്ദേശവും ഇവ നൽകുന്നു. യുഎന്നിന്റെ ആഭിമുഖ്യത്തിൽ ഓപ്പർച്യുനിറ്റി പവിലിയനിൽ സജ്ജമാക്കിയിരിക്കുന്ന മിഷൻ പോസിബിൾ എന്ന പ്രദർശനം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

ജലം, ഭക്ഷണം, ഊർജം എന്നീ അടിസ്ഥാന ആവശ്യങ്ങളിൽ എങ്ങനെ പ്രാദേശിക തലങ്ങളിൽ പ്രവർത്തിച്ച് ആഗോള നന്മ സാധ്യമാക്കാം എന്നതാണ് ഇവിടെ വ്യക്തമാക്കുന്നത്. മനുഷ്യരാശിയുടെ നന്മയ്ക്കായി കൈകോർക്കണം എന്ന ബോധ്യത്തോടെയാവും ഓരോരുത്തരും പവിലിയൻ വിടുക. കാഴ്ചക്കാരും കാഴ്ചകളും തമ്മിൽ നേരിട്ടുള്ള ആശയസംവാദം സാധ്യമാകുന്ന രീതിയിലാണ് പ്രദർശനം സജ്ജീകരിച്ചിരിക്കുന്നത്. വലിയ ആശയങ്ങൾ ഉദാഹരണം സഹിതം ലളിതമായി അവതരിപ്പിച്ചിരിക്കുന്നതിനാൽ കുഞ്ഞുങ്ങൾക്കു പോലും അവ എളുപ്പത്തിൽ മനസ്സിലാകുന്നു. ജലം, ഭക്ഷണം, ഊർജം എന്നീ രംഗങ്ങളിൽ പ്രവർത്തിച്ച് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ മൂന്നു വ്യക്തികളിലൂടെയാണ് മിഷൻ പോസിബിൾ കാഴ്ചകൾ ആരംഭിക്കുന്നത്.

മൂടൽമഞ്ഞ് വലകളിലൂടെ ശുദ്ധജലം സൃഷ്ടിക്കുന്ന പെറു സ്വദേശി ഏബൽ ക്രൂസ്, ജൈവ കൃഷിയിലൂടെയും ആരോഗ്യപരമായ ഭക്ഷണശീലങ്ങളിലൂടെയും ശ്രദ്ധേയ നേട്ടങ്ങളുണ്ടാക്കിയ യുഎഇ സ്വദേശിനി മറിയം അൽ ജുനൈബി, സൻസിബാറിൽ സോളർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കുന്ന ഫത്മ ജുമ ഹാജി എന്നിവരിലൂടെയാണ് മൂന്ന് അടിസ്ഥാന മേഖലകളിലെയും വിജ്ഞാനങ്ങൾ കാഴ്ചക്കാരനിലേക്ക് ഒഴുകിയെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here