വിനോദസഞ്ചാര, റീട്ടെയ്​ൽ മേഖലയിൽ വൻ കുതിപ്പിന് എക്സ്പോ വഴി തെളിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. മാധ്യമ പ്രവർത്തകരുമായി ഓൺലൈനിലൂടെ സംവദിക്കുകയായിരുന്നു. ദുബായുടെ മുഖഛായ മാറ്റുന്ന എക്സ്പോയുമായി പലനിലകളിലും ലുലു സഹകരിക്കുന്നു.

ഇന്ത്യൻ പവിലിയനുമായി കൈകോർക്കുന്നതിനു പുറമേ ലുലുവിന് സ്വന്തം പവിലിയനും ഉണ്ട്. എക്സ്പോ പ്രദേശത്തിന് സമീപത്ത് തന്നെയാണു ലുലുവിന്റെ ഡിഎസ്‌ഒ മാൾ തുടങ്ങിയിരിക്കുന്നത്. എക്സ്പോയ്ക്ക് വരുന്നവർക്ക് എല്ലാ സൗകര്യവും മാളിലും ഒരുക്കുന്നുണ്ട്.

പ്രവാസികളുടെ യാത്രാനിരോധനം അതത് സർക്കാരുകളുടെ ആരോഗ്യ സുരക്ഷാ നിലപാടുകളുമായി ബന്ധപ്പെട്ടുള്ളതാണെന്നും എല്ലാവരും കോവിഡിൽ നിന്നു സംരക്ഷിക്കപ്പെടണം എന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിന്റെ 535 ജീവനക്കാർ കേരളത്തിൽ കുടുങ്ങിയിട്ടുണ്ട്.

രാജ്യത്തിന്റെ ആരോഗ്യസുരക്ഷ മുൻനിർത്തിയാണ് സർക്കാരുകൾ നടപടികൾ കൈക്കൊള്ളുന്നത്. ഇന്ത്യയുടെ കോവാക്സീന് അംഗീകാരം നേടുന്ന കാര്യത്തിലും ഇടപെടാൻ പരിമിതിയുണ്ടെന്നും യുഎഇ ആരോഗ്യവകുപ്പാണ് തീരുമാനമെടുക്കേണ്ടതെന്നും പ്രതികരിച്ചു.

ഹെലികോപ്റ്റർ അപകടത്തെ തുടർന്നു നട്ടെല്ലിന് കീഹോൾ ശസ്ത്രക്രിയ നടത്തിയതിന് ശേഷമുള്ള ഫിസിയോതെറപ്പി ഒന്നരമാസം കൂടിയുണ്ടെന്നും അതിനു ശേഷം പൂർണതോതിൽ പ്രവർത്തനനിരതനാകുമെന്നും യൂസഫലി പറഞ്ഞു. ഹെലിക്കോപ്റ്റർ വീണപ്പോൾ സഹായിച്ചവരെ നേരിട്ടു കണ്ട് നന്ദി പറയും. താൻ ഇടപെട്ടു നാട്ടിലെത്തിച്ച ബെക്സ് കൃഷ്ണനെയും കാണും. അബുദാബിയുടെ പരമോന്നത സിവിലിയൻ ബഹുമതി നേടിയ ഉടനായിരുന്നു അപകടം.

ദൈവാനുഗ്രഹത്താൽ വലിയ ക്ഷതങ്ങളുണ്ടായില്ല. ദൈവം കാത്തു. എല്ലാവരുടെയും പ്രാർഥന തുണയായി. ആ അവാർഡ് നേടിയ ശേഷമുള്ള ആദ്യ പൊതുപരിപാടിയായതിനാലാണ് മെഡൽ അണിഞ്ഞു വന്നിരിക്കുന്നത്. എല്ലാ മലയാളികൾക്കുമുള്ള ആദരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here