യുഎഇയുടെ വിവിധ മേഖലകളിൽ കനത്ത മൂടൽമഞ്ഞ്. ദുബായിലും അബുദാബിയിലും മൂടൽമഞ്ഞ് പുലർച്ചെയോടെ ശക്തമായി. രാവിലെ 9 മണിയോടെയാണ് അന്തരീക്ഷം തെളിഞ്ഞത്. തണുത്ത കാറ്റുമുണ്ട്. പ്രധാനപാതകളിലടക്കം ദൂരക്കാഴ്ച കുറഞ്ഞെങ്കിലും ഇന്നലെ അവധിദിവസമായിരുന്നതിനാൽ ഗതാഗതത്തെ ബാധിച്ചില്ല.

വടക്കൻ എമിറേറ്റുകളിൽ ഏതാനും ദിവസങ്ങളായി മൂടൽമഞ്ഞ് തുടരുകയാണ്. മലയോരമേഖലകളിൽ കൂടുതലാണ്. ദുബായിലും അബുദാബിയിലും തണുപ്പു കൂടി. പാർക്കുകളിലും ബീച്ചുകളിലും എത്തുന്നവരുടെ എണ്ണം കുറഞ്ഞു. കോവിഡ് സാഹചര്യത്തിൽ മുൻകരുതലെടുക്കാനും പലരും ശ്രദ്ധിക്കുന്നു.

പ്രധാന പാതകളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയി കുറച്ചു. ദുബായ്-അൽ ഐൻ റോഡ്, ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, അൽ ഖുദ്ര മേഖല എന്നിവിടങ്ങളിൽ ദൂരക്കാഴ്ച കുറഞ്ഞതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. വാഹനമോടിക്കുന്നവർ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു നിർദേശിച്ചു.

മുന്നറിയിപ്പുമായി അബുദാബി ഗതാഗത വകുപ്പും

അബുദാബി∙ മൂടൽ മഞ്ഞുള്ള സമയങ്ങളിൽ ദൃശ്യപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് അബുദാബി ഗതാഗത വകുപ്പ്. മഞ്ഞുള്ള സമയത്ത് വേഗം കുറച്ച് വാഹനമോടിക്കുക, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുക, ഗതാഗതക്കുരുക്കുള്ള സമയങ്ങളിൽ ഒഴികെ ഹസാർഡ് ലൈറ്റ് ഇടാതിരിക്കുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനം നിലവിലുണ്ട്. റോഡിൽ സ്ഥാപിച്ച ഡിജിറ്റൽ ബോർഡ്, റേഡിയോ, സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ വിവരം കൈമാറും. നൂതന സംവിധാനമുള്ള സ്മാർട് ടവറുമായി റോഡിലെ ക്യാമറ, വേഗനിയന്ത്രണ ഉപകരണം, ക്ലോസ്ഡ് സർക്യൂട്ട് ടിവി എന്നിവ ബന്ധപ്പെടുത്തിയാണ് സംവിധാനം പ്രവർത്തിക്കുന്നത്. സ്മാർട് ടവറിലെ സെൻസർ കാലാവസ്ഥാ വ്യതിയാനം നിരീക്ഷിച്ചു കൺട്രോൾ സ്റ്റേഷനിലേക്കും വിവരം കൈമാറും. തുടർന്നാണ് സന്ദേശമായി ജനങ്ങൾക്ക് അറിയിപ്പ് ലഭിക്കും.

അപകടം ഒഴിവാക്കാൻ ഡ്രൈവിങ്ങിലും പാർക്കിങ്ങിലും കരുതൽ

∙ മൂടൽമഞ്ഞുള്ളപ്പോൾ വാഹനങ്ങൾ വേഗത്തിലും പാർക്കിങ്ങിലും ശ്രദ്ധിക്കണം. റോഡരികിൽ നിർത്താതെ മാറ്റി പാർക്ക് ചെയ്യണം. പിന്നിൽ വരുന്ന വാഹനങ്ങൾ ഇടിക്കാതിരിക്കാനാണ് ഈ മുൻകരുതൽ.

∙ ലോങ് ബീം ഒഴിവാക്കി ലോ ബീം ലൈറ്റുകൾ ഉപയോഗിക്കണം. ഡബിൾ ഇൻഡിക്കേറ്റർ ഇടരുത്.

∙ മുന്നിലുള്ള വാഹനത്തിൽ നിന്നു നിശ്ചിത അകലം പാലിച്ച് കുറഞ്ഞ വേഗത്തിൽ ഡ്രൈവ് ചെയ്യണം. കഴിയുന്നതും ഒരേ ലെയ്നിൽ യാത്ര തുടരുക.

∙ ഓവർടേക്കും സഡൻ ബ്രേക്കും ഒഴിവാക്കാം.

∙ വാഹനങ്ങളുടെ എല്ലാ ഭാഗത്തെയും ഗ്ലാസ് തുടച്ചു വൃത്തിയാക്കിയിരിക്കണം.

∙ യഥാസമയം വാഹനത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയും പുറപ്പെടും മുൻപ് ടയറും ബ്രേക്കും പരിശോധിക്കുകയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here