മധ്യപൂർവദേശത്തെ ഏറ്റവും വലിയ അക്വേറിയം മേയിൽ അബുദാബിയിൽ യാഥാർഥ്യമാകും. 10 സോണുകളായി 7000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന അക്വേറിയത്തിന്റെ മിനുക്കുപണികൾ പുരോഗമിക്കുകയാണ്. 300 ഇനത്തിൽപെട്ട 42,000 മത്സ്യങ്ങളും കടൽ ജീവികളും കാണികൾക്ക് വിസ്മയം പകരും. 80 വിദഗ്ധരായിരിക്കും നേതൃത്വം നൽകുക.

വർഷത്തിൽ 10 ലക്ഷം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അര ലക്ഷം വിദ്യാർഥികൾക്കും പഠന സന്ദർശനം നടത്താം. 300 ഇനം കടൽ ജീവികളുടെ ജീവിത രീതി മനസിലാക്കാം.സാൻഡ് ടൈഗർ, ഹാമർഹെഡ് ടൈഗർ ഷാർക്ക് തുടങ്ങി വംശനാശ ഭീഷണി നേരിടുന്നവയും ഇതുവരെ മറ്റെവിടെയും പ്രദർശിപ്പിച്ചിട്ടില്ലാത്തതുമായ അപൂർവം ഇനങ്ങളും ഇവിടെ കാണാം. തനത് ആവാസ വ്യവസ്ഥയൊരുക്കിയാണ് ഇവയെ സംരക്ഷിക്കുന്നത്. പരിസ്ഥിതി ഏജൻസികളുടെ സഹകരണത്തോടെ കടലാമകളുടെ പുനരധിവാസ കേന്ദ്രവുമായും ഇതു പ്രവർത്തിക്കുമെന്ന് ജനറൽ‌ മാനേജർ പോൾ ഹാമിൽട്ടൻ പറഞ്ഞു.

തിയറ്റർ, ജിം, ഗെയിം സെന്റർ, ഇ–സ്പോർട്സ് അക്കാ‍ദമി, തുടങ്ങി ഒട്ടേറെ വിനോദ പരിപാടികളുണ്ടെന്ന് നിർമാതാക്കളായ അൽബറക ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഫുആദ് മഷാൽ അറിയിച്ചു. കനാലിന് ഇരുവശവുമായി സിഗ്സാഗിൽ നിർമിച്ച കെട്ടിടം തന്നെ പ്രധാന ആകർഷണമാണ്. ഒരുവശത്തു നിന്ന് പാലത്തിലൂടെയാണ് മറുവശത്തേക്കു പ്രവേശിക്കാനാവുക. കനാലിനു ചുറ്റും നടപ്പാതയും ഒരുക്കുമെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here