ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ കഴിയുന്ന വിദേശികൾക്ക് യുഎഇയിൽ പ്രവേശിക്കണമെങ്കിൽ ഓൺലൈൻ വീസ വേണമെന്ന് അധികൃതർ. യാത്രയ്ക്ക് മുൻപ് തന്നെ ഇ-വീസയ്ക്ക് എൻട്രി പെർമിറ്റ് നേടണം.

യുഎഇ സന്ദർശിക്കാൻ താൽപര്യമുള്ള ഇതര ജിസിസി രാജ്യങ്ങളിലെ വിദേശികൾ ഓൺലൈൻ വീസയ്ക്ക് അപേക്ഷിച്ച് അനുമതി നേടിയ ശേഷമായിരിക്കണം യാത്ര ചെയ്യേണ്ടത്. എമിറേറ്റുകളിലെ വിമാനത്താവളങ്ങളിൽ ഇറങ്ങിയ ദിവസം മുതൽ 30 ദിവസം യുഎഇയിൽ തങ്ങാൻ ഇ-വീസ കൊണ്ട് സാധിക്കുമെന്ന് സർക്കാർ പോർട്ടലിലൂടെ അധികൃതർ വ്യക്തമാക്കി.

ലഭിച്ച പെർമിറ്റ് ആവശ്യമെങ്കിൽ മുപ്പത് ദിവസത്തേക്ക് കൂടി പുതുക്കാൻ സാധിക്കും. ദുബായ് താമസ കുടിയേറ്റ വകുപ്പ്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി വെബ് സൈറ്റുകൾ വഴിയാണ് ഓൺലൈൻ എൻട്രി പെർമിറ്റുകൾക്ക് അപേക്ഷിക്കേണ്ടത്.

ഇപ്രകാരം ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധയ്ക്ക് ശേഷം ഇ-മെയിൽ വഴി അപേക്ഷകനു മറുപടി അയക്കും. ഒന്നിച്ചോ ഒറ്റയ്ക്കോ, നൽകുന്ന അപേക്ഷകളിൽ അനുമതി ലഭിക്കാത്തവർ യാത്ര ചെയ്യരുത്. കുടുംബസമേതം നൽകുന്ന അപേക്ഷകളിൽ ഗാർഹിക ജോലിക്കാരടക്കമുള്ള എല്ലാവർക്കും പ്രവേശനാനുമതിയുണ്ടോ എന്നതു ഉറപ്പാക്കിയ ശേഷമായിരിക്കണം യാത്രയെന്നും അധികൃതർ ഓർമിപ്പിച്ചു.

ജിസിസി പൗരന്മാർക്കൊപ്പം വരുന്നവരുടെ എൻട്രി പെർമിറ്റിനു 60 ദിവസം കാലാവധിയുണ്ടായിരിക്കും. വീസ നൽകിയ തിയതി മുതലാണ് 60 ദിവസം. എന്നാൽ രാജ്യത്ത് പ്രവേശിച്ചു കഴിഞ്ഞ തിയതി മുതൽ 60 ദിവസം വരെ രാജ്യത്തു തങ്ങാനും സാധിക്കും. ആവശ്യമെങ്കിൽ 60 ദിവസം കൂടി പെർമിറ്റ് പുതുക്കാനും അവസരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here