ബംഗ്ലാദേശിന്റെ മുൻ ക്യാപ്റ്റൻ മഷ്റഫെ മൊർതാസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസമായി പനിയുണ്ടായിരുന്ന മൊർതാസ വെള്ളിയാഴ്ച്ചയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. നിലവിൽ ധാക്കയിലെ വീട്ടിൽ മൊർതാസ ഐസോലേഷനിലാണെന്ന് സഹോദരൻ മൊർസലിൻ ബിൻ മൊർതാസ വ്യക്തമാക്കി. പാകിസ്താന്റെ മുൻ താരം ഷാഹിദ് അഫ്രീദിക്ക് ശേഷം കോവിഡ്-19 സ്ഥിരീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരമാണ് മൊർതാസ.

നേരത്തെ മൊർതാസയുടെ ചില കുടുംബാഗങ്ങൾക്കും കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ബംഗ്ലാദേശ് പാർലമെന്റ് അംഗം കൂടിയായ താരം കോവിഡ്-19നുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിലുണ്ടായിരുന്നു. തന്റെ ജന്മനാടായ ലൊഹാഗ്രയിലെ നരാലിയിലുള്ള കോവിഡ് ദുരിതമനുഭവിക്കുന്ന 300 കുടുംബങ്ങൾക്ക് മൊർതാസ ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വിതരണം ചെയ്തിരുന്നു.

ബംഗ്ലാദേശിലെ ഏറ്റവും ജനപ്രിയനായ ക്രിക്കറ്റ് താരം കൂടിയാണ് മൊർതാസ. രാജ്യത്തിനായി 36 ടെസ്റ്റുകളും 220 ഏകദിനങ്ങളും 54 ട്വന്റി-20 കളിച്ചിട്ടുണ്ട്. അടുത്തിടെയാണ് താരം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

നേരത്തെ മുൻ ബംഗ്ലാദേശ് താരം നഫീസ് ഇഖ്ബാലിന് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ബംഗ്ലാദേശിന്റെ ഏകദിന ക്യാപ്റ്റൻ തമീം ഇഖ്ബാലിന്റെ മൂത്ത സഹോദരനാണ് നഫീസ്. നിലവിൽ ചിറ്റഗോങ്ങിലെ വീട്ടിൽ ഐസോലേഷനിലാണ് മുൻതാരം.

LEAVE A REPLY

Please enter your comment!
Please enter your name here