യുഎഇയി ലേക്കു മടങ്ങിവരാനുള്ള പെർമിറ്റിന്റെ കാലാവധി 21 ദിവസമെന്ന് എമിഗ്രേഷൻ. പെർമിറ്റ് ലഭിക്കുന്ന തീയതി മുതലാണിതു കണക്കാക്കുക. ഇതിനകം മടങ്ങിയെത്തണം. അപേക്ഷിക്കാനുള്ള സൈറ്റ്: http://smartservices.ica.gov.ae. പെർമിറ്റ് കിട്ടും മുൻപ് വിമാന ടിക്കറ്റ് എടുക്കരുത്. വിമാന ടിക്കറ്റ് കിട്ടാനുള്ള കാലതാമസം കൂടി കണക്കാക്കിയാണ് പെർമിറ്റ് കാലാവധി 21 ദിവസമാക്കിയത്.

അപൂർണമായ അപേക്ഷകൾ നിരസിക്കും. മതിയായ രേഖകളും വിവരങ്ങളുമില്ലാതെ നൽകുന്ന അപേക്ഷകളാണു തള്ളുക. അപേക്ഷിച്ച് 48 മണിക്കൂറിനകം മറുപടി ലഭിക്കും. അപേക്ഷകൾ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ മാർച്ചിൽ വീസ കാലാവധി അവസാനിച്ചവർക്കും മടങ്ങാൻ അവസരം നൽകുന്നുണ്ട്. 31,000 പേർക്ക് പെർമിറ്റ് നൽകിയതായി അധികൃതർ വെളിപ്പെടുത്തി. മാർച്ച് 25 മുതൽ ജൂൺ 8 വരെ അപേക്ഷ നൽകിയവർക്കാണിത്. 2 ലക്ഷം പേരെ തിരികെ കൊണ്ടുവരുന്ന ദൗത്യം വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പൂർത്തിയാക്കുന്നത്.

കളർ ഫോട്ടോ, വീസ, പാസ്പോർട്ട് പകർപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിദേശത്ത് കഴിയാനുണ്ടായ കാരണവും മടക്കയാത്രയുടെ ഉദ്ദേശ്യവും അപേക്ഷയിൽ വ്യക്തമാക്കണം. വിനോദയാത്രയിലായിരുന്നെങ്കിൽ അതു തെളിയിക്കുന്ന രേഖകളാണു നൽകേണ്ടത്. തൊഴിൽ, വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണു കാരണമെങ്കിൽ അതുസംബന്ധിച്ച രേഖകൾ സമർപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here