ഈവർഷംമുതൽ യു.എ.ഇ. പുതിയ വാരാന്ത്യ അവധിയിലേക്ക് മാറുന്നതിന് അനുസൃതമായി ജനറൽ റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) ദുബായ് ഓഫീസുകളുടെ പുതിയ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. രണ്ടു സമയക്രമത്തിലായി രാവിലെ 7.30 മുതൽ വൈകീട്ട് ഏഴുമണിവരെയാണ് സേവനം ലഭ്യമാവുകയെന്ന് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽമർറി അറിയിച്ചു.

തിങ്കൾമുതൽ വ്യാഴംവരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 3.30 വരെയാണ് ആദ്യ സമയക്രമം. രാവിലെ 11 മുതൽ വൈകീട്ട് ഏഴുവരെയാണ് രണ്ടാംഷിഫ്റ്റ്. എന്നാൽ, വെള്ളിയാഴ്ച ആദ്യസമയക്രമം രാവിലെ 7.30-ന്‌ തുടങ്ങി 12-ന് അവസാനിക്കും. തുടർന്ന് ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് ഏഴുവരെയാണ് പ്രധാന ഓഫീസ് സേവനം ലഭ്യമാവുകയെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയും ഞായറാഴ്ചയും ഓഫീസിന് വാരാന്ത്യ അവധിയായിരിക്കും

കഴിഞ്ഞവർഷംവരെ സർക്കാർ മേഖലയിൽ ആഴ്ചയിൽ അഞ്ചുദിവസമാണ് പ്രവൃത്തിദിനമെങ്കിൽ ഈവർഷം അത് നാലരദിവസമായി കുറയും. ലോകത്തുതന്നെ ഇത്തരത്തിൽ പ്രതിവാര പ്രവൃത്തിദിനം അഞ്ചുദിവസത്തിൽ താഴെയാക്കി കുറയ്ക്കുന്ന ആദ്യത്തെ രാജ്യമാണ് യു.എ.ഇ. ശനിയും ഞായറും അവധിദിനങ്ങളായ ലോകരാജ്യങ്ങളുമായുള്ള സാമ്പത്തികഇടപാടുകൾ പുതിയ തീരുമാനത്തിലൂടെ കൂടുതൽ സുഗമമാവും. യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ബഹുരാഷ്ട്ര കമ്പനികൾക്ക് കൂടുതൽ ശക്തമായ ബിസിനസ് ബന്ധങ്ങളും അവസരങ്ങളും ഇതിലൂടെ കൈവരും.

വിസാസംബന്ധമായ ജി.ഡി.ആർ.എഫ്.എ. സേവനങ്ങൾക്ക് വകുപ്പിന്റെ സ്മാർട്ട്ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. വെബ്‌സൈറ്റ്, GDRFA -dubai എന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ സേവനം തേടാം. നിലവിൽ വകുപ്പിന്റെ ഒട്ടുമിക്ക എല്ലാ വിസാ സേവനങ്ങളും സ്മാർട്ട്ചാനലിൽ ലഭ്യമാണ്.

ദുബായിലെ എല്ലാം വിസാ സേവനനടപടികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ടോൾഫ്രീ നമ്പറായ 8005111 നമ്പറിൽ വിളിക്കണമെന്ന് അധികൃതർ നിർദേശിച്ചു. യു.എ.ഇ.യ്ക്ക് പുറത്തുള്ളവർ 0097143139999 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. [email protected], [email protected], എന്നീ ഇ-മെയിൽ വഴിയും സേവനങ്ങൾ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here