അബുദാബി ആസ്ഥാനമായുള്ള പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ക്ലൌഡ് കംപ്യൂട്ടിങ്‌ കമ്പനിയായ ഗ്രൂപ്പ് 42 (ജി 42) ഇസ്രയേലിൽ പൂർണ ഉടമസ്ഥതയിലുള്ള ഒരു ഉപ സ്ഥാപനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു.

പുതിയ അന്താരാഷ്ട്ര ഓഫീസ് രാജ്യത്ത് ലഭ്യമായ സാങ്കേതിക വിദ്യകളിലേക്കും കഴിവുകളിലേക്കും പ്രവേശനം അനുവദിക്കും. അതേസമയം യു.എ.ഇയിലും മിഡിൽ ഈസ്റ്റിലും തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന ഇസ്രയേൽ കമ്പനികളുടെ ഒരു കവാടമായി പ്രവർത്തിക്കും. ഇതാദ്യമായാണ് ഒരു യു.എ.ഇ. കമ്പനി ഇസ്രയേലിൽ ഒരു അന്താരാഷ്ട്ര ഓഫീസ് സ്ഥാപിക്കുന്നത്. അടുത്തിടെ നടന്ന നയതന്ത്ര കരാറുകളുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാകുന്നതിന്റെ തെളിവ് കൂടിയാവുകയാണ് ഈ പ്രഖ്യാപനം. ആരോഗ്യസംരക്ഷണം, കോവിഡ്-19 ഡയഗ്‌നോസ്റ്റിക് സൊലൂഷനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണം, അഗ്രിടെക്, ജലവിതരണ പരിഹാരങ്ങൾ, സ്മാർട്ട് സിറ്റികൾ, പുനരുപയോഗ ഊർജം എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളിലെയും വിദഗ്ധരുടെ സംഘമാണ് പുതിയ ഓഫീസിലെ പ്രവർത്തനങ്ങൾ നയിക്കുക.

ഇസ്രയേൽ ഇന്ന് ആറായിരത്തിലധികം ഹൈടെക് കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും ആസ്ഥാനമാണ്. ഇസ്രയേലിൽ തുറക്കുന്ന പുതിയ ഓഫീസ് ഈ മേഖലയിലെ ജി 42-ന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ലോകത്തെ ഏറ്റവും ഊർജസ്വലവും പക്വതയാർന്നതുമായ സാങ്കേതിക പരിസ്ഥിതി വ്യവസ്ഥകളിലേക്ക് പ്രവേശനം നൽകുകയും ചെയ്യുമെന്ന് ഗ്രൂപ്പ് 42-ന്റെ സി.ഇ.ഒ പെംഗ് സിയാവോ അഭിപ്രായപ്പെട്ടു. ജി 42 ഇസ്രയേലി കമ്പനികളുമായി ഒട്ടേറെ കരാറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റഫാൽ, ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് എന്നിവയുമായി രണ്ട് ധാരണാപത്രങ്ങളിൽ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here