ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കർശന നടപടിയുമായി യുഎഇ. വ്യാജ ഇമെയിൽ അക്കൗണ്ട് ഉപയോഗിച്ച് പണം തട്ടുക, ഭീഷണിപ്പെടുത്തുക, സർക്കാർ വിവരങ്ങൾ ചോർത്തുക, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയവയ്ക്കെല്ലാം കനത്ത പിഴയും തടവും ലഭിക്കും.

സൈബർ നിയമത്തിലെ ആർട്ടിക്കിൾ 11 ഭേദഗതി ചെയ്തതോടെ നിരീക്ഷണം ശക്തമാക്കി. വ്യാജ അക്കൗണ്ടിലൂടെ ഒരു വ്യക്തിയെ കബളിപ്പിച്ചാൽ രണ്ടു വർഷം വരെ തടവും 50,000 മുതൽ രണ്ടുലക്ഷം ദിർഹം വരെ പിഴയും ലഭിക്കും. സർക്കാർ സൈറ്റുകൾ ദുരുപയോഗപ്പെടുത്തുകയോ തെറ്റിദ്ധരിപ്പിക്കും വിധം മറ്റു സൈറ്റുകൾ നൽകുകയോ ചെയ്താൽ അഞ്ചുവർഷം വരെ കഠിന തടവും പത്തുലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും.

വ്യക്തികൾക്കെതിരെ സൈബർ ആക്രമണമോ മറ്റു ഭീഷണിയോ നടത്തിയാലും കർശന നടപടിയുണ്ടാകും. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് തടവും പിഴയും ലഭിക്കുക. സൈബർ കുറ്റകൃത്യങ്ങൾക്ക് ജാമ്യം നിഷേധിക്കാൻ വരെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേദഗതിയെന്ന് അൽകബാൻ അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളടക്കമുള്ളവർ ഭീഷണികൾക്കും മറ്റും ഇരയാകുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. മൊബൈൽ ഫോൺ, ടാബുകൾ, ഇതര ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതിന് പുറമേ അധിക്ഷേപം, കുറ്റപ്പെടുത്തൽ, പ്രതിഛായ കളങ്കപ്പെടുത്തുന്ന പ്രതികരണങ്ങൾ തുടങ്ങിയവ സൈബർ ബുള്ളിയിങ്ങിന്റെ പരിധിയിൽ വരും.

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾക്കുള്ള മോശം പ്രതികരണങ്ങളും ഈ ഗണത്തിൽപ്പെടും. എസ്എംഎസ് സന്ദേശങ്ങളിലൂടെയുള്ള പ്രതികരണങ്ങളും മാന്യമാകണമെന്നാണ് സൈബർ നിയമം. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നത് കടുത്ത നിയമലംഘനമാണ്.

പരാതിപ്പെടാം

ഏതു തരം സൈബർ കുറ്റകൃത്യമായാലും പൊലീസിൽ പരാതിപ്പെടാം. ഫോൺ. 999, 80012, 116111, ആഭ്യന്തര മന്ത്രാലയം സൈറ്റ് www.ecrime.ae

കുട്ടികൾ ഇരകളായാൽ

സാമൂഹിക സേവനവിഭാഗം ഹെൽപ് ലൈനിൽ അറിയിക്കാം. ഫോൺ 800700.

LEAVE A REPLY

Please enter your comment!
Please enter your name here