കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ. തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകള്‍ വെള്ളത്തിനടിയിലായി. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ കരമനയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഇന്നലെ രാത്രി മുതല്‍ നിര്‍ത്താതെ പെയ്ത മഴയാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനിടയാക്കിയത്. വൃഷ്ടിപ്രദേശത്തെ കനത്ത മഴ മൂലം അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. ഇതോടെ കരമനയാറിലും കൈവഴികളിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. കാട്ടാക്കട കുറ്റിച്ചല്‍ ജംഗ്ഷനില്‍ വെള്ളംപൊങ്ങി നിരവധി കടകളിലെ സാധനങ്ങള്‍ നശിച്ചു. ചപ്പാത്ത്, കാരിയോട് മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി.

തൊളിക്കോട് മേത്തോട്ടം സെറ്റില്‍മെന്റില്‍ മണ്ണിടിച്ചിലുണ്ടായെങ്കിലും ആളപായമില്ല. വീടുകള്‍ക്ക് കേടുപാടുകളുണ്ട്. ആര്യനാടിന് സമീപം മീനാങ്കല്‍, പന്നിക്കുഴി മേഖലകളിലും വെള്ളം കയറി. മലയില്‍ ഉരുള്‍പൊട്ടലുണ്ടായതായി സംശയമുണ്ട്. കിള്ളിയാര്‍ കരകവിഞ്ഞത് മൂലം നെടുമങ്ങാട് കല്ലിംഗല്‍, പത്താംകല്ല് പ്രദേശങ്ങളിലും വെള്ളംകയറി, ചിലയിടത്ത് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

നഗരത്തില്‍ എസ്എസ് കോവില്‍ റോഡ്, അട്ടക്കുളങ്ങര, കരമന മേഖലകളിലും വെള്ളം കയറി. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പ്രവചിക്കുന്നുണ്ട്. വെള്ളക്കെട്ടുണ്ടായ മേഖലകള്‍ ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു.

തിരുവനന്തപുരത്ത് വ്യാപക നാശം

അപ്രതീക്ഷിത മഴയും വെള്ളപ്പൊക്കവും തിരുവനന്തപുരത്തുണ്ടാക്കിയത് വ്യാപക നാശനഷ്ടം. ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകള്‍ വെള്ളത്തില്‍ മുങ്ങി. കോഴി, മത്സ്യ ഫാമുകളിലും മഴ നാശം വിതച്ചു.

പുലര്‍ച്ചെ വെള്ളത്തിന്റെ ഇരമ്പലും കോഴികളുടെ കരച്ചിലും കേട്ടാണ് ഉണര്‍ന്നത്. കണ്ടത് വെള്ളത്തില്‍ മുങ്ങുന്ന കോഴികള്‍. വീടിന് പിറകില്‍ 75 മീറ്റര്‍ അകലെയുള്ള തോട് നിറഞ്ഞ് കവിഞ്ഞപ്പോള്‍ കോഴിഫാം വെള്ളത്തിലായി.

കാരിയോട് ഏക്കറു കണക്കിന് മരച്ചീനി വെള്ളത്തിനടിയിലായി. വെങ്ങാനൂര്‍ ഏലായില്‍ വെള്ളം കയറിയപ്പോള്‍ നൂറ് കണക്കിന് വാഴ, മരച്ചീനി, പപ്പായ, പച്ചക്കറികള്‍ കൃഷി ചെയ്തവര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം.

വിതുരയില്‍ മത്സ്യഫാമില്‍ വെള്ളം പൊങ്ങി മത്സ്യങ്ങള്‍ ഒഴുകിപ്പോയി. കണക്കാക്കുന്നത് നാല് ലക്ഷം രൂപയുടെ നഷ്ടം. നെയ്യാറിലെ മത്സ്യഉത്പാദന കേന്ദ്രവും വെള്ളത്തില്‍ മുങ്ങി. നാശനഷ്ടങ്ങളുടെ കണക്ക് റവന്യു വകുപ്പ് തയ്യാറാക്കി വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here