കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടവർക്ക് അവശ്യഭക്ഷണ സാധനങ്ങൾ വിതരണം ചെയ്ത് സഹായം എത്തിച്ചിരിക്കുകയാണ് കുറച്ച് വിദ്യാർത്ഥികൾ. ഓഗസ്റ്റ് 27ന് ദുബായിലെ ജെംസ് മോഡേൺ അക്കാഡമിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് കോവിഡ് ദുരിതത്തിലാക്കിയ 56 പേർക്ക്  കൈത്താങ്ങായത്. ദുബായ് എമറാൾഡ് ലയൺസ് ക്ലബ്ബിന്റെ വിവിധ ഭക്ഷണ വിതരണ ക്യാമ്പുകൾ സന്ദശിച്ച ജോനഥൻ ബിജു ഫിലിപ്പ്,  മഹാമാരിക്കിടെ ജീവിതം വഴിമുട്ടിയ കുറച്ചുപേരെ കാണാനിടയായി. കൊറോണബാധ രൂക്ഷമായ സമയത്ത് തൊഴിൽ നഷ്ടമായ ഇവരുടെ ദുരിതപൂർണമായ അവസ്ഥ നേരിൽ കണ്ട ഈ 13 കാരൻ, 11 സുഹൃത്തുക്കളുമായി ചേർന്ന് ലേബർ ക്യാമ്പിൽ  കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കാൻ പദ്ധതിയിടുകയായിരുന്നു.

ദുബായ് എമറാൾഡ് ലയൺസ് ക്ലബ്‌നിന്റെ സഹായത്തോടെയാണ്, സഹായം ആവശ്യമായ അജ്‌മാൻ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള അൽ ജർഫ് ലേബർ ക്യാമ്പ് കുട്ടികൾ കണ്ടെത്തിയത്. ജോനഥൻ ബിജു ഫിലിപ്പ്, രാഘവ് ഗുലാട്ടി, ക്രിസ്റ്റി മറിയ മാത്യു, ഏയ്ഡൻ നദീർ, കുശാഗ്ര കേദിയ, വിവാൻ ഗോൻഡാലിയ, ആറിഷ ഗാസി, നടാഷ ലുക്തൂക്ക്, ബ്രൂക്‌ലിൻ പോൾ, ജോനഥൻ അജിത്, ജോനഥൻ വർഗീസ്, ഗൗതം സായ് എന്നിവർ ലേബർ ക്യാമ്പിൽ എത്തുകയും, ഇവിടെ കഴിയുന്ന 56 നിർദ്ധന തൊഴിലാളികൾക്ക് പച്ചക്കറികളും പാവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. അവീർ മാർക്കെറ്റിലുള്ള ഹോൾസെയ്ൽ ഡീലർമാരിൽ നിന്ന് സാധനങ്ങൾ വാങ്ങിയ കുട്ടികൾ, ഇവ ലേബർ ക്യാമ്പിൽ എത്തിച്ച്  വിതരണം ചെയ്യുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളെല്ലാം കർശനമായി പാലിച്ചുകൊണ്ടാണ് ജോനഥൻ ബിജു ഫിലിപ്പും സംഘവും ദുരിതത്തിലായവർക്ക് സഹായം എത്തിച്ചത്.

ദുബായ് എമറാൾഡ് ലയൺസ് ക്ലബ്ബിന്റെ പ്രസിഡന്റ് ലയൺ ടി എൻ കൃഷ്ണകുമാർ, പ്രൊജക്റ്റ്  ലീഡർ ലയൺ രാജീവ് രാമകൃഷ്ണൻ, സെക്രട്ടറി ലയൺ പുനീത് ദുവ, ട്രെഷറർ  ലയൺ ദീപ കിരൺ ജോസഫ്, പ്രൊജക്റ്റ് ലീഡർ ലയൺ ഗുർമീത് സിംഗ്, പ്രൊജക്റ്റ്  ലീഡർ ഓഫ് ചിൽഡ്രൻസ് ഗ്രൂപ്പ് ലയൺ അനുരാധ വിശ്വനാഥ് എന്നിവരാണ് ഈ ആതുരസേവനം ചെയ്യാനുള്ള അവസരം കുട്ടികൾക്ക് ഒരുക്കിക്കൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here