ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ നീട്ടിയതും ഫലം വൈകുന്നതും പ്രവാസികളായ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനു നാട്ടിലും വിദേശത്തും പോകാനിരുന്നവർക്കാണു പരീക്ഷ നീളുന്നതു വിനയായത്. ജൂൺ 21 മുതൽ ജൂലൈ 7 വരെയാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. മക്കളുടെ പരീക്ഷ കഴിഞ്ഞ ഉടൻ നാട്ടിലേക്കു പോകാൻ താമസസ്ഥലം ഒഴിയാൻ ഒരുങ്ങുന്നതിനിടെ പരീക്ഷ നീണ്ടുപോകുന്നത് അധികച്ചെലവുണ്ടാക്കുന്നു. അതുവരെ ഇവിടെ തുടരാനുള്ള ചെലവ് എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണു ചില കുടുംബങ്ങൾ. ഇതിൽ ജോലി നഷ്ടപ്പെട്ടവരും പ്രവാസം മതിയാക്കി പോകാനിരുന്നവരുമെല്ലാമുണ്ട്.

പ്രാക്ടിക്കൽ കഴിഞ്ഞു ഫലം വരുമ്പോഴേക്കും ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യവാരമോ ആകും. പിന്നീട് സേ പരീക്ഷയും അതിന്റെ ഫലവും കൂടി വരുമ്പോഴേക്കും വീണ്ടും നീളും. സാധാരണ ഏപ്രിൽ–മേയ് മാസങ്ങളോടെ തീരുന്ന നടപടിക്രമങ്ങൾ അനിശ്ചിതമായി നീളുമ്പോൾ ഭാവി പദ്ധതികളും തകിടം മറിയുന്നെന്ന് വിദ്യാർഥികളും പരാതിപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തിന് വിദേശ രാജ്യങ്ങളിലേക്കു പോകാനിരുന്നവരെയും ഇതു ബാധിക്കും.

ഇതേസമയം ഇന്ത്യയിലേക്കു മടങ്ങുന്ന വിദ്യാർഥികൾക്കു പ്രാദേശിക സ്കൂളുകളിൽ പരീക്ഷ എഴുതാൻ അവസരം ഒരുക്കണമെന്ന് പരീക്ഷാ ബോർഡിനോട് ആവശ്യപ്പെട്ടതായി യുഎഇയിലെ പരീക്ഷാ കോ ഓർഡിനേറ്റർ നിതിൻ സുരേഷ് പറഞ്ഞു. വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും വ്യാഴാഴ്ചയോടെ അന്തിമ പട്ടികബോർഡിന് അയയ്ക്കുമെന്നും പറഞ്ഞു. അപേക്ഷ പ്രകാരം സർക്കാർ ഓർഡർ ഇറക്കിയാൽ ഇവർക്കു നാട്ടിൽ ‍പ്രാക്ടിക്കൽ പരീക്ഷ എഴുതാം.

ഇതേസമയം എസ്എസ്എൽസി പ്രാക്ടിക്കൽ റദ്ദാക്കിയതിനെ വിദ്യാർഥികളും രക്ഷിതാക്കളും സ്വാഗതം ചെയ്തു. അനിശ്ചിതമായി നീളുന്നതിനെക്കാൾ നല്ലത് റദ്ദാക്കുന്നതാണെന്നും സൂചിപ്പിച്ചു. കോവിഡ് മാനദണ്ഡം നിലനിൽക്കുന്നതിനാൽ പല സ്കൂളുകളും ഐടി പ്രാക്ടിക്കൽ പരിശീലനം നൽകിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here