കേവലം 20 മിനിറ്റുകൾക്കകം കോവിഡ് പരിശോധനാഫലം അറിയാന്‍ സാധിക്കുന്ന നൂതന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തതായി അവകാശപ്പെട്ട്​ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് ടെക്​നോളജി ഹൈദരാബാദിലെ ഗവേഷകർ. നിലവില്‍ കോവിഡ് പരിശോധനക്കായി ഉപയോഗിച്ചുവരുന്ന റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (RT-PCR) രീതി അടിസ്ഥാനമാക്കിയുള്ളതല്ല ഇതെന്നും ഗവേഷക സംഘം അവകാശപ്പെടുന്നു.

‘ഞങ്ങൾ ഒരു കോവിഡ് ടെസ്റ്റിങ്​ കിറ്റ് വികസിപ്പിച്ചെടുത്തിട്ട്​. ഇതുപയോഗിച്ച്​ രോഗലക്ഷണമുള്ളവരെയം ഇല്ലാത്തവരെയും വെറും 20 മിനിറ്റിനുള്ളില്‍ പരിശോധിച്ച് ഫലം ലഭ്യമാക്കാം. വില കുറഞ്ഞതും എളുപ്പം എടുത്ത്​ നടക്കാവുന്ന രീതിയിലുള്ളതാണ്​ കിറ്റ്. നിലവിൽ പിന്തുടർന്ന്​ പോകുന്ന ​ടെസ്​റ്റിങ്​ സംവിധാനങ്ങൾക്ക്​ പകരം വ്യത്യസ്​തമായ രീതിയാണ്​ തങ്ങൾ ഉപയോഗിച്ചിരിക്കുന്നതെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഹൈദരാബാദിലെ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്​ വിഭാഗം പ്രൊഫസര്‍ ശിവ ഗോവിന്ദ് സിങ്​ പറഞ്ഞു. കോവിഡ്​ കിറ്റ് വികസിപ്പിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ അക്കാദമിക് സ്ഥാപനമാണ് ഐ.ഐ.ടി-ഹൈദരാബാദ്.

550 രൂപ വിലയുള്ള പുതിയ കിറ്റ് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കുകയാണെങ്കിൽ 350 രൂപ വിലയില്‍ എല്ലാവർക്കും ലഭ്യമാക്കാൻ കഴിഞ്ഞേക്കുമെന്നും അവർ പറയുന്നു. നിലവിൽ ടെസ്റ്റ്​ കിറ്റിന്​ വേണ്ടിയുള്ള പേറ്റൻറിന്​ ഫയൽ ചെയ്​തിരിക്കുകയാണ്​ ഗവേഷക സംഘം. ഇ.എസ്.ഐ.സി മെഡിക്കല്‍ കോളേജിലും ഹൈദരാബാദിലെ ആശുപത്രിയിലും ക്ലിനിക്കല്‍ ട്രയൽസ്​ നടത്തുകയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ (ഐ.സി.എം.ആര്‍) അനുമതി തേടുകയും ചെയ്​തിട്ടുണ്ട്​​.

LEAVE A REPLY

Please enter your comment!
Please enter your name here