ഇന്ത്യയിൽ കോവിഡ് ​വൈറസ്​ വ്യാപനത്തിൽ വിറങ്ങലിച്ച്​ നിൽക്കുന്ന സാഹചര്യത്തിലായിരുന്നു മാർച്ച്​ 29ന് ആരംഭിക്കേണ്ടിയിരുന്ന 13ാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ്​ അനന്തമായി നീട്ടിവെക്കാൻ ബി.സി.സി.ഐ നിർബന്ധിതരായത്​.

തുടക്കത്തിൽ ഏപ്രിൽ 15 ലേക്ക് മാറ്റിയ ഐ.പി.എൽ കോവിഡ്​ കാരണം വീണ്ടും നീട്ടുകയായിരുന്നു. കാണികളില്ലാതെ നടത്താനും മത്സരങ്ങളുടെ എണ്ണം ചുരുക്കാനുമൊക്കെ പലയിടങ്ങളിൽ നിന്നും നിർദേശങ്ങൾ വന്നെങ്കിലും ബി.സി.സി.ഐ അതിനോടെല്ലാം​ പുറംതിരിഞ്ഞു നിന്നു. ഐ.പി.എൽ നടക്കാതിരുന്നാൽ കാത്തിരിക്കുന്നത്​ 4000 കോടി രൂപയുടെ നഷ്​ടമാണെന്നതിനാൽ, ഏതെങ്കിലും വിധേന ടൂർണമമെന്റ്​ നടത്താനുള്ള ആലോചനയിലാണ്​ ബി.സി.സി.ഐ.

ഈ സാഹചര്യത്തിൽ പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്​ യു.എ.ഇ ക്രിക്കറ്റ്​ ബോർഡ്​. കോവിഡ്​ ലോക്​ഡൗണിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക്​ പുറത്ത് എവിടെയെങ്കിലും​ ഐ.പി.എൽ നടത്താൻ ക്രിക്കറ്റ്​ ബോർഡ്​ ആഗ്രഹിക്കുന്നുവെങ്കിൽ വേദിയാകാൻ യു.എ.ഇ താൽപര്യമറിയിച്ചിരിക്കുകയാണ്​. മുമ്പ്​ ഒരു തവണ ​ഐ.പി.എല്ലിന്​ വേദിയായി കഴിവ്​ തെളിയിച്ച യു.എ.ഇ മറ്റ്​ പല അന്താരാഷ്​ട്ര സീരീസുകൾക്കും പല തവണയായി വേദിയായിട്ടുണ്ട്​.

ഐപിഎല്‍ വിജയകരമായി നടത്താന്‍ സാധിക്കുമെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി മുബഷീര്‍ ഉസ്മാനി പറഞ്ഞതായി ഗൾഫ്​ ന്യൂസാണ്​ റിപ്പോർട്ട്​ ചെയ്തത്​. ഇക്കാര്യത്തിൽ ബി.സി.സി.ഐ യുടെ തീരുമാനം നിർണായകമായിരിക്കുകയാണ്​. ആസ്​ട്രേലിയയിൽ നടത്താനിരിക്കുന്ന ടി20 ലോകകപ്പ്​ ഈ വർഷം നടത്തുന്നില്ലെങ്കിൽ ഒക്​ടോബറിൽ ഐ.പി.എൽ നടത്താമെന്ന ആലോചനയിലാണ്​ ഇന്ത്യൻ ക്രിക്കറ്റ്​ ബോർഡ്​. നേരത്തെ ശ്രീലങ്കയും ​െഎ.പി.എല്ലിന്​ വേദിയാകാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ബി.സി.സി.ഐ അതിനോട്​ താൽപര്യം കാണിച്ചിരുന്നില്ല.

ജൂൺ 10ന്​ നടക്കാൻ പോകുന്ന ഐ.സി.സിയുടെ വിഡിയോ കോൺഫറൻസ്​ വഴിയുള്ള ബോർഡ്​ മീറ്റിങ്ങായിരിക്കും ​ഐ.പി.എല്ലി ​ന്റെ ഭാവി തീരുമാനിക്കുക. ടി20 ലോകകപ്പ്​ ഈ വർഷം നടത്തേണ്ടതില്ലെന്ന്​​​ ​ഐ.സി.സി തീരുമാനിക്കുകയാണെങ്കിൽ ഒരു പക്ഷേ ​ഐ.പി.എല്ലിന്​ തിരിതെളിഞ്ഞേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here