ദുബായിലേയ്ക്കുള്ള സഞ്ചാരികളുടെ വരവ് വർധിച്ചതായി അധികൃതർ. കോവിഡ് 19 നിയന്ത്രണങ്ങൾക്ക് ശേഷം ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായ ദുബായ് ആവേശവും പ്രതാപവും വീണ്ടെടുത്തു കൊണ്ടിരിക്കുന്നുവെന്ന് ദുബായ് എമിഗ്രേഷൻ അധികൃതർ അറിയിച്ചു. വിട്ടുവീഴ്ചയില്ലാത്ത കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുള്ള നടപടി ക്രമങ്ങളാണ് ദുബായിൽ നടക്കുന്നത്. സുരക്ഷിതമായ ഇടമെന്ന നിലയിലും വിവിധ രാജ്യങ്ങളിൽ നിന്ന് ദുബായിലേയ്ക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള ആദ്യ ടൂറിസ്റ്റ് സംഘത്തെ ദുബായ് എമിഗ്രേഷൻ കഴിഞ്ഞ ദിവസം രാജ്യത്തേക്ക് സ്വാഗതം ചെയ്തു.

കഴിഞ്ഞ ജൂലൈ ഏഴു മുതലാണ് ടൂറിസ്റ്റ് വീസകൾ ദുബായിൽ പുതിയതായി നൽകി തുടങ്ങിയത്. അതിനു ശേഷം ഓരോ ദിവസവും ദുബായിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. 2018 മുതൽ ഈ വർഷം സെപ്റ്റംബർ 8 വരെ റഷ്യക്കാർക്ക് 10,78,000 വീസകൾ ദുബായ് അനുവദിച്ചുവെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു. എട്ടു ലക്ഷത്തിലേറെ റഷ്യൻ സഞ്ചാരികൾക്ക് തത്സമയ വീസകളും ഇഷ്യു ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിനോദ സഞ്ചാരികൾക്ക്, പ്രത്യകിച്ച് റഷ്യൻ ടൂറിസ്റ്റുകൾക്ക് യുഎഇ ഇഷ്ട ഇടമാണെന്ന് മേജർ ജനറൽ പറഞ്ഞു. ടൂറിസത്തിന്റെയും സാമ്പത്തിക ഘടകങ്ങളുടെയും സംരക്ഷണങ്ങളുടെയും ഉയർന്ന സൂചികയുടെ വെളിച്ചത്തിൽ ഏറ്റവും സുരക്ഷിതമായ ജീവിക്കാൻ കഴിയുന്ന നഗരമെന്ന നിലയ്ക്ക് ദുബായ് സ്ഥിരത നിലനിർത്തുന്നു. എമിറാത്തി-റഷ്യൻ ഉഭയകക്ഷി ബന്ധങ്ങൾ വിവിധ മേഖലകളിൽ നിരന്തരമായ വികസനത്തിനും അഭിവൃദ്ധിയ്ക്കും കാരണമായിട്ടുണ്ട്. ഇത് യുഎഇ യുടെ നില ശക്തിപ്പെടുത്തുകയും ആഗോള രാഷ്ട്രീയ, സാമ്പത്തിക ടൂറിസം സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് അൽമറി വെളിപ്പെടുത്തി.

സന്ദർശകരെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് യുഎഇ സർക്കാർ നിശ്ചയിച്ച പ്രോട്ടോക്കോളുകൾ അനുസരിച്ച് റെക്കോർഡ് സമയങ്ങളിൽ അവരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഞങ്ങൾ എപ്പോഴും സജ്ജമാണെന്ന് അൽ മറി പറഞ്ഞു. യാത്രക്കാരുമായി ആശയവിനിമയം നടത്തുന്നതിന് അറബിക്, ഇംഗ്ലീഷ്, മറ്റ് ഭാഷകൾ റഷ്യൻ, ചൈനീസ്, ഫ്രഞ്ച് ഉൾപ്പെടെ വിവിധ ഭാഷകളിൽ സംസാരിക്കാൻ യോഗ്യതയുള്ള മുൻനിര ജീവനക്കാർ ദുബായ്ക്കുണ്ട്. വിവിധ രാജ്യങ്ങളിലെ പൗരൻമാർക്ക് ഉയർന്ന രീതിയിലുള്ള സന്തോഷകരമായ ഉപഭോക്തൃ സേവനങ്ങൾ നൽകാൻ ഞങ്ങൾ പരിശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here