രാജ്യതലസ്ഥാനം ഉള്‍പ്പെടെ രാജ്യത്ത് വിവിധയിടങ്ങളില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു. പ്രതിദിന കോവിഡ് വ്യാപനം 50,000ത്തിന് താഴെയാണെങ്കിലും ചില നഗരങ്ങളില്‍ രണ്ടാം തരംഗം ശക്തമാണ്. ഈ പശ്ചാത്തലത്തില്‍ ചിലയിടങ്ങളില്‍ രാത്രികാല കര്‍ഫ്യുവും പകന്‍ നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു.

രാജ്യതലസ്ഥാനമായ ഡല്‍ഹി തന്നെയാണ് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന ആദ്യ നഗരം. ഡല്‍ഹിയില്‍ ഇനി മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 2000 രൂപ പിഴയീടാക്കും. വിവാഹചടങ്ങുകളില്‍ 200 ആളുകള്‍ക്ക് പകരം അഞ്ഞൂറ് പേരെ മാത്രമേ അനുവദിക്കൂ. മാര്‍ക്കറ്റുകള്‍ അടയ്ക്കില്ല, എന്നാല്‍ ശക്തമായ നിയന്ത്രണവും നിരീക്ഷണവും ഉണ്ടായിരിക്കും.
മുംബൈയില്‍ എല്ലാ സ്‌കൂളുകളും ഡിസംബര്‍ 31 വരെ തുറക്കേണ്ടതില്ലെന്ന് ബി.എം.സി നിര്‍ദ്ദേശം നല്‍കി. 9-12 ക്ലാസുകള്‍ നവംബര്‍ 23 മുതല്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങരുതെന്ന് മുംബൈ മേയര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ വെള്ളിയാഴ്ച രാത്രി 9 മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ സമ്ബൂര്‍ണ്ണ കര്‍ഫ്യു ഏര്‍പ്പെടുത്തി.കര്‍ഫ്യൂ കാലയളവില്‍ പാല്‍ വില്‍ക്കുന്ന കടകളും മരുന്നുഷോപ്പുകളും മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. മറ്റ് ദിവസങ്ങളില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്താനും തീരുമാനിച്ചു. അഹമ്മദാബാദിന് പുറമെ രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നിവടങ്ങളിലും നൈറ്റ് കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 23 മുതല്‍ വിദ്യാലയങ്ങള്‍ തുറക്കാനുള്ള തീരുമാനവും മാറ്റി.

മധ്യപ്രദേശില്‍ ഇന്‍ഡോര്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, രത്‌ലം, വിദിഷ എന്നിവടങ്ങളില്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ശനിയാഴ്ച മുതലാണ് നൈറ്റ് കര്‍ഫ്യൂ. രാത്രി 10 മണി മുതല്‍ ആറ് മണി വരെയാണ് കര്‍ഫ്യു. കണ്ടെയ്ന്‍മെന്‍്‌റ് സോണുകളില്‍ ഒഴികെ ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ല. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ ഗതാഗതവും നിര്‍ത്തും. 1-8 ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. 9-12 ക്ലാസുകള്‍ നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം തുടരാം. സിനിമാശാലകള്‍ 50 ശതമാനം ആളുകളുമായി പ്രവര്‍ത്തിക്കാം.

രാജസ്ഥാനില്‍ ഇന്ന് മുതല്‍ എല്ലാ ജില്ലകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. 144 പ്രകാരം ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് അധികാരം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here