യു.എ.ഇ. സായുധസേന ഉപ സർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾ അറിയിക്കുന്നതിനൊപ്പം ഉഭയകക്ഷി ബന്ധത്തിൽ കൂടുതൽ വികസനത്തിനും എമിറേറ്റിന്റെ അഭിവൃദ്ധിക്കുമുള്ള തന്റെ ആഗ്രഹം മന്ത്രി പങ്കുവെക്കുകയും ചെയ്തു. ഇന്ത്യൻ ജനതയുടെ കൂടുതൽ പുരോഗതിക്കുവേണ്ടി ശൈഖ് മുഹമ്മദ് ആശംസകൾ നേർന്നു.

അബുദാബിയിലാണ് കൂടിക്കാഴ്ച നടന്നത്. ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ കൈമാറി. അബുദാബി എയർപോർട്ട് കമ്പനി ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ്, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ജനറൽ അലി അൽ ഷംസി, അബുദാബി എക്സിക്യുട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയർമാൻ ഖൽദൂൻ അൽ മുബാറക് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

യു.എ.ഇ. സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ച ദുബായിൽ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദിനെയും ജയശങ്കർ കണ്ടിരുന്നു. സമ്പദ് വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ മേഖലകളിലും ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഇരുവരും അവലോകനം ചെയ്തു. 2023-ലെ കാലാവസ്ഥാ ഉച്ചകോടിക്ക് യു.എ.ഇ. തിരഞ്ഞെടുക്കപ്പെട്ടതിൽ ജയശങ്കർ അഭിനന്ദനം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here