അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിലെ ഇന്ത്യക്കാര്‍ മടക്കയാത്ര ഉറപ്പിക്കാന്‍ വിവരങ്ങള്‍ ഉടന്‍ കൈമാറുകയോ ഉദ്യോഗസ്ഥരെ സമീപിക്കുകയോ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കൂടുതല്‍ വ്യോമസേനാ വിമാനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരുമായി അഫ്ഗാനില്‍ നിന്നെത്തും.

അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ സ്ഥാനപതിയെ യോഗത്തിലേക്ക് ക്ഷണിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.കൂടുതല്‍ വിമാനങ്ങള്‍ തയാറാക്കി നിര്‍ത്താന്‍ യോഗത്തില്‍ പ്രതിരോധമന്ത്രിക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎന്‍ സെക്രട്ടറി ജനറലിനെ കണ്ട് വിവരങ്ങള്‍ ചര്‍ച്ച ചെയ്തു.

അതേസമയം അഫ്ഗാനിസ്താനിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് അടിയന്തര ഇ-വിസ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.

മതത്തിന്റെ പരിഗണനകളൊന്നുമില്ലാതെ എല്ലാ അഫ്ഗാന്‍ പൗരന്മാര്‍ക്കും ഇ-വിസയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയിലായിരിക്കും വിസാ നടപടികള്‍ പൂര്‍ത്തിയാക്കുക. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്ത് രണ്ടുദിവസത്തിനുശേഷമാണ് ഇന്ത്യയുടെ ഇ-വിസ പ്രഖ്യാപനം.

അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിസ വ്യവസ്ഥകള്‍ അവലോകനം ചെയ്തു വരികയാണ്. ഇ-എമര്‍ജന്‍സി എക്‌സ്-മിസ്‌ക് വിസ എന്നാണ് പുതിയ വിഭാഗത്തില്‍പ്പെട്ട ഇലക്ട്രോണിക് വിസ അറിയപ്പെടുക-വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here