ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. വിവിധ സംസ്ഥാനങ്ങളുടെ കണക്കുപ്രകാരം വെള്ളിയാഴ്ച 2903 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 3,04, 019 ആയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 1,41,842 പേരാണ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച 3493 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് കേസുകള്‍ 1.01,141 ആയി. 127 പേരാണ് വെള്ളിയാഴ്ച മരിച്ചത്. ആകെ മരണസംഖ്യ 3717 ആയി ഉയർന്നു. 47,793 പേര്‍ പൂര്‍ണ രോഗമുക്തി നേടി. ഇതിൽ 1718 പേർ വെള്ളിയാഴ്ച ആശുപത്രി വിട്ടു.

തമിഴ്നാട് (40,698), ‍ഡൽഹി (34,687) എന്നിവടങ്ങളാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള മറ്റു സംസ്ഥാനങ്ങൾ. കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. രാജ്യത്തെ രോഗമുക്തിനിരക്ക് ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 49.47% ആണ് രോഗമുക്തിനിരക്ക്. 1,47,194 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,166 പേർ രോഗമുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here