ഇന്ത്യയില്‍ നിര്‍മിച്ച കോവിഡ് വാക്സിനായ കോവാക്സിന്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു. ഡല്‍ഹി എയിംസിലാണ് പരീക്ഷണം. വാക്സിന്റെ ആദ്യ ഡോസ് 30 വയസുള്ള യുവാവിനാണ് നല്‍കിയത്. വാക്സിന്‍ പരീക്ഷണത്തിനായി സന്നദ്ധരായി രജിസ്റ്റര്‍ ചെയ്തിരുന്നവരില്‍ നിന്ന് ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഇയാള്‍ക്ക് ആദ്യ ഡോസ് നല്‍കിയത്. ഇയാളെ രണ്ടാഴ്ചത്തേക്ക് നിരീക്ഷണത്തിലാക്കും.

ഐ.സി.എം.ആര്‍., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച്‌ ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്ബനിയാണ് കോവാക്സിന്‍ വികസിപ്പിച്ചത്. വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലെ പരീക്ഷണങ്ങള്‍ക്ക് ഐ.സി.എം.ആര്‍. അനുമതി നല്‍കിയിട്ടുണ്ട്.

എയിംസിലുള്‍പ്പെടെ രാജ്യത്തെ 12 സ്ഥലങ്ങളിലാണ് വാക്സിന്റെ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണം നടക്കുക. ആദ്യഘട്ടത്തില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത 18 മുതല്‍ 55 വയസുവരെയുള്ള 375 സ്ത്രീപുരുഷന്മാരിലാണ് പരീക്ഷണം. ഇവരില്‍ 100 പേരെ പരീക്ഷണത്തിനായി നിയോഗിക്കുന്നത് എയിംസിലേക്കായിരിക്കും. രണ്ടാം ഘട്ടത്തില്‍ 12 വയസുമുതല്‍ 65 വയസ് വരെയുള്ള പ്രായത്തിലുള്ള 700 പേരില്‍ പരീക്ഷണം നടത്തും. മൂന്നാം ഘട്ടത്തില്‍ ഇതിലുമധികം ആളുകളില്‍ പരീക്ഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here