ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് ജയം വീതം നേടി മിന്നും ഫോമിലുള്ള രണ്ട് കരുത്തന്മാരുടെ പോരാട്ടം കൂടിയാണ് ഇത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകുന്നേരം 7:30നാണ് മത്സരം.

സണ്‍റൈസേഴ്സിനെതിരെ സൂപ്പര്‍ ഓവറില്‍ നേടിയ വിജയത്തിന്റെ ആഹ്ലാദത്തിലാക്കും ഡല്‍ഹി ഇന്നിറങ്ങുക. എന്നാല്‍ തുടര്‍ച്ചയായ നാല് ജയങ്ങള്‍ക്ക് ശേഷം ചെന്നൈയോട് അടിയറവ് പറയേണ്ടി വന്നതിന്റെ ക്ഷീണത്തിലാകും ബാംഗ്ലൂര്‍. ബാറ്റിങ്ങിലും ബോളിങിലും ചെറിയ പോരായ്മകള്‍ ഡല്‍ഹി കഴിഞ്ഞ മത്സരങ്ങളില്‍ പ്രകടമാക്കിയിരുന്നെങ്കിലും അതൊന്നും ടീമിന്റെ വിജയത്തിനെ ബാധിച്ചിരുന്നില്ല. റിഷഭ് പന്ത് ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ പൃഥ്വി ഷാ- ശിഖര്‍ ധവാന്‍ സഖ്യത്തിന്റെ പ്രകടനമാണ് ഡല്‍ഹിയുടെ കരുത്ത്. സന്ദര്‍ഭത്തിനനുസരിച്ച്‌ കളിയുടെ വേഗത നിയന്ത്രിക്കാന്‍ കഴിയുന്നവരാണ് ഇരുവരും. മൂന്നാം നമ്ബറില്‍ സ്റ്റീവ് സ്മിത്ത് സ്ഥാനമുറപ്പിച്ച്‌ കഴിഞ്ഞിട്ടുണ്ട്. നാലാം നമ്ബറില്‍ തന്റെ സ്ഥിരം വെടിക്കെട്ട് പുറത്തെടുക്കുന്നില്ലെങ്കിലും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമാകുന്ന ഇന്നിങ്‌സുകള്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത് കളിക്കുന്നുണ്ട്. ഷിംറോണ്‍ ഹെത്ത്മയര്‍, മര്‍കസ് സ്റ്റോയ്‌നിസ് എന്നിവരടങ്ങുന്ന മധ്യനിര ഒറ്റക്ക് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ പോന്നതാണ്.

കോവിഡ് മൂലം ക്യാമ്ബ് വിട്ട സ്പിന്നര്‍ അശ്വിന്റെ അഭാവം ലളിത് യാദവിലൂടെയും അക്‌സര്‍ പട്ടേലിലൂടെയും മറികടക്കാനാകും ഡല്‍ഹിയുടെ ശ്രമം. ബോളിങ്ങില്‍ പ്രധാന സ്പിന്നര്‍ അമിത് മിശ്ര ഫോമിലാണ്. പേസര്‍മാരില്‍ വിക്കറ്റ് നേട്ടക്കാരുടെ പട്ടികയയില്‍ രണ്ടാമതുള്ള ആവേശ് ഖാന്‍ സ്ഥിരതയോടെ കളിക്കുന്നുണ്ട്. എന്നാല്‍ കാഗിസോ റബാഡ ഫോമിലേക്ക് ഉയരാത്തത് ടീമിന് തലവേദനയാണ്.

മറുവശത്ത് ചെന്നൈക്ക് എതിരെയുള്ള 69 തോല്‍വിയുടെ ക്ഷീണം മാറ്റി നിര്‍ത്തിയാല്‍ ബാംഗ്ലൂര്‍ ടീം സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഓപ്പണിങ്ങില്‍ വിരാട് കോഹ്ലി-ദേവദത്ത് പടിക്കല്‍ സഖ്യം ഫോമിലാണെന്നത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. കഴിഞ്ഞ മത്സരങ്ങളില്‍ വിജയ ശില്പികളായ മാക്സ്‌വെലിന്റെയും ഡിവില്ലിയേഴ്സിന്റെയും ഫോം ടീമിന് പ്രതീക്ഷയാണ്.

ബോളിങ്ങില്‍ പിങ്ക് ക്യാപ് ഹോള്‍ഡറായ ഹര്‍ഷാല്‍ പട്ടേല്‍ തന്നെയാണ് ടീമിന്റെ സ്ട്രൈക്ക് ബോളര്‍. ജഡേജക്ക് എതിരെ കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ 37 റണ്‍സ് വഴങ്ങിയത് ഒഴിച്ചുള്ള സീസണിലെ താരത്തിന്റെ പ്രകടനം അഭിനന്ദനാര്‍ഹമാണ്. ആദ്യ ഓവറുകളില്‍ റണ്‍സ് വിട്ട് കൊടുക്കാതെ എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സിറാജിന് കഴിയുന്നുണ്ട്. ടീമിലെ പ്രധാന സ്പിന്നറായ ചഹലും ഓള്‍ റൗണ്ടറായ വാഷിഗ്ടണ്‍ സുന്ദറും വിക്കറ്റുകള്‍ നേടുന്നില്ലെങ്കിലും റണ്‍സ് ഒഴുക്കിനെ നിയന്ത്രിക്കുന്നുണ്ട്.

കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയ ഓഡ്ട്രേലിയന്‍ താരങ്ങളായ കെയ്ന്‍ റിച്ചാര്‍ഡ്സണിന്റെയും ആദം സാമ്ബയുടെയും അഭാവം ടീമിനെ നിലവില്‍ ബാധിക്കാനിടയില്ല. സീസണില്‍ കഴിഞ്ഞ മത്സരത്തില്‍ മാത്രമാണ് റിച്ചാര്‍ഡ്സണ്‍ കളിച്ചത്. ആദം സമ്ബയാകട്ടെ ഇതുവരെ അവസാന ഇലവനില്‍ ഇടം നേടിയിട്ടില്ലായിരുന്നു.

നേരത്തെ 26 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിരിക്കുന്നത്. അതില്‍ 15 തവണ ബാംഗ്ലൂര്‍ ജയിച്ചപ്പോള്‍ 10 തവണയാണ് ഡല്‍ഹി ജയിച്ചത്. സീസണിലെ ഇരു ടീമുകളുടേയും പ്രകടനമനുസരിച്ച്‌ ഇന്ന് വാശിയേറിയ ഒരു മത്സരത്തിനാകും അഹമ്മദാബാദ് വേദിയാകുക. അഹമ്മദാബാദിലെ വേഗത കുറഞ്ഞ പിച്ചില്‍ ടോസ് ലഭിക്കുന്നയാള്‍ ബോളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here