സീസണില്‍ ഉജ്വല ഫോമില്‍ തുടരുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും. ജയം സ്വന്തമാക്കി പോയിന്റ് പട്ടികയുടെ തലപ്പത്ത് എത്തുകയായിരിക്കും വിരാട് കോഹ്ലിയുടേയും കൂട്ടരുടേയും ലക്ഷ്യം. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയമാണ് ബാംഗ്ലൂരിനുള്ളത്. മറുവശത്ത് പഞ്ചാബ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

നായകന്‍ കെഎല്‍ രാഹുല്‍ ഒഴികയുള്ള താരങ്ങള്‍ ആരും ബാറ്റിങ്ങില്‍ ഫോമിലല്ല എന്നതാണ് പഞ്ചാബിനെ വലയ്ക്കുന്ന കാര്യം. ഓപ്പണര്‍ മായങ്ക് അഗര്‍വാളും ക്രിസ് ഗെയിലും തിളങ്ങിയത് ചുരുക്കം മത്സരങ്ങളില്‍ മാത്രമാണ്. ഷാരൂഖ് ഖാന്‍, ദീപക്ക് ഹൂഡ, നിക്കോളാസ് പൂരാന്‍ എന്നിവര്‍ ചേരുന്ന മധ്യനിരയും സ്ഥിരത പ്രകടിപ്പിച്ചിട്ടില്ല.

ബോളിങ്ങില്‍ മുഹമ്മദി ഷമിയും അര്‍ഷദീപ് സിങ്ങും അവസരത്തിനൊത്ത് ഉയരുന്നുണ്ട്. വലിയ സ്കോറുകള്‍ ഉയര്‍ത്തിയിട്ടും പ്രതിരോധിക്കുന്നതില്‍ പഞ്ചാബ് പല തവണ പരാജയപ്പെട്ടു. സ്പിന്‍ നിര ശക്തമല്ല എന്നത് മറ്റൊരു പോരായ്മയാണ്. മറുവശത്ത് എല്ലാ വിഭാഗവും സന്തുലിതമാണ് ബാംഗ്ലൂരിന്റെ. ഓപ്പണര്‍മാരായ കോഹ്ലിയും ദേവദത്ത് പടിക്കലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നില്ല എന്നതാണ് പോരായ്മ. എബി ഡിവില്ലിയേഴ്സ്-ഗ്ലെന്‍ മാക്സ്വെല്‍ സഖ്യം സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ്. ഇരുവരുടേയും കരുത്താണ് ആര്‍സിബിയെ പലതവണയും കരകയറ്റിയത്.

ബോളിങ്ങിലേക്ക് കടന്നാല്‍ മുഹമ്മദ് സിറാജിന്റെ മികവാണ് എടുത്ത് പറയേണ്ടത്. ഐപിഎല്ലില്‍ സമാനതകളില്ലാതെയാണ് സിറാജ് പന്തെറിയുന്നത്. അവസാന ഓവറുകളില്‍ റണ്‍സ് ചോരാതെ നോക്കാനും താരത്തിനാകുന്നുണ്ട്. സീസണില്‍ കേവലം ആറ് മത്സരത്തില്‍ നിന്ന് 17 വിക്കറ്റുമായി ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റ് വേട്ടയില്‍ തലപ്പത്ത് തുടരുന്നു. ഇരുവരും തമ്മിലുള്ള പോരാട്ടത്തില്‍ ബാംഗ്ലുരിനാണ് മുന്‍തൂക്കം.

LEAVE A REPLY

Please enter your comment!
Please enter your name here