കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ കണ്ടെത്താനുള്ള രാജ്യാന്തരതലത്തിലെ പരിശ്രമങ്ങൾക്കു പ്രതീക്ഷയേകി ഇറ്റലിയിൽനിന്നുള്ള വാർത്ത. റോമിലെ ലസ്സാറോ സ്പല്ലൻഴാനി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്‌ഷ്യസ് ഡിസീസസിൽ എലികളിൽ നടത്തിയ വാക്സിൻ പരീക്ഷണത്തിൽ കൊറോണ വൈറസിനെതിരെ ശരീരത്തിൽ ആന്റിബോഡികൾ ഉൽപ്പാദിക്കപ്പെടുന്നതായി കണ്ടെത്തി. ഇതു മനുഷ്യശരീരത്തിലും സമാനമായ രീതിയിൽ പ്രവർത്തിക്കുമെന്ന് ശാസ്ത്ര സംബന്ധമായ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സയൻസ് ടൈംസ് വെബ്സൈറ്റിലെ ലേഖനം പറയുന്നു.

ഈ വാക്സിൻ മനുഷ്യശരീരത്തിലെത്തുന്ന നോവൽ കൊറോണ വൈറസിനെ നിഷ്ക്രിയമാക്കുമെന്ന് മരുന്നു നിർമിച്ച ടാക്കിസ് സിഇഒ ലുയിഗി ഔറിസിച്ചിയോയെ ഉദ്ധരിച്ച് ഇറ്റാലിയൻ വാർത്താ ഏജൻസി എഎൻഎസ്എ റിപ്പോർട്ട് ചെയ്തു. ഇതാദ്യമായാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിൻ ഗവേഷണത്തിൽ ഇത്ര വലിയ പുരോഗതിയുണ്ടാകുന്നതെന്നും ഔറിസിച്ചിയോ പറഞ്ഞു.

ഇറ്റലിയിൽ ആദ്യമായാണ് കോവിഡിനെതിരായ വാക്സിൻ പരീക്ഷണം ഇത്രയും മുന്നോട്ടു പോകുന്നത്. ഉടൻതന്നെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിക്കും. വാക്സിൻ യാഥാർഥ്യമാകണമെങ്കിൽ ഇറ്റാലിയൻ സർക്കാരിന്റെയും രാജ്യാന്തര സംഘടനകളുടെയും പിന്തുണ വേണം. ഗവേഷണത്തിൽ കൂടുതൽ സാധ്യമായ വഴികൾ തേടാൻ യുഎസ് മരുന്നു കമ്പനിയായ ലിനിയാറെക്സുമായി (LineaRx) സഹകരിക്കാൻ സാധ്യതയുണ്ടെന്നും ചർച്ചകൾ നടക്കുകയാണെന്നും ഔറിസിച്ചിയോ വ്യക്തമാക്കി.

വാക്സിൻ പ്രവർത്തിക്കുന്നത്

ഇറ്റാലിയൻ ഗവേഷകർ എലികളിൽ നടത്തിയ പരീക്ഷണം ഇങ്ങനെ. മരുന്നു ശരീരത്തിനകത്തു പ്രവേശിച്ചതിനു പിന്നാലെ കോവിഡ് 19നെ പ്രതിരോധിക്കാൻ എലികളുടെ ശരീരത്തിനകത്ത് ആന്റിബോഡികൾ നിർമിക്കപ്പെട്ടു . മനുഷ്യ ശരീരത്തിലും സമാന സ്വഭാവം തന്നെയാകും വാക്സിൻ പ്രകടമാക്കുക. ഒരു ഡോസ് മരുന്ന് നൽകിയപ്പോൾത്തന്നെ എലികളുടെ ശരീരത്ത് ആന്റിബോഡികൾ നിർമിക്കപ്പെട്ടു.

അഞ്ചെണ്ണത്തിൽ നടത്തിയ പരീക്ഷണത്തിൽനിന്ന് ഏറ്റവും മികച്ച രണ്ടിൽനിന്നുള്ള രക്തം ശേഖരിച്ചു. പിന്നീട് ഇതിൽനിന്ന് സെറം വേർതിരിച്ച് സ്പല്ലൻഴാനി ഇൻസ്റ്റിറ്റ്യൂട്ടിലെ വൈറോളജി ലാബിൽ വിലയിരുത്തൽ നടത്തിയശേഷമാണ് പഠനറിപ്പോർട്ട് പുറത്തുവിട്ടത്. വൈറസിനെതിരെ കാണിക്കുന്ന ഈ പ്രതിരോധശേഷി എത്രനാൾ നീണ്ടുനിൽക്കുമെന്നതാണ് ഇനി കണ്ടെത്തേണ്ടത്.

ഈ വാക്സിൻ പരീക്ഷണം വൈറസിന്റെ പ്രോട്ടീൻ ‘സ്പൈക്കിനെ’ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ശരീരത്തിലെത്തുന്ന വാക്സിൻ ‘ഇലക്ട്രോപൊറേഷൻ’ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശരീര കോശങ്ങളെ വിഘടിപ്പിച്ച് പ്രതിരോധ സംവിധാനത്തെ ഉണർത്തുകയാണ് ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ മികച്ച രീതിയിൽ ആന്റിബോഡികളെ ഉത്പാദിപ്പിക്കാൻ ഈ വാക്സിനു കഴിയുമെന്നു ഗവേഷകർ വിശ്വസിക്കുന്നു. വൈറസിന് ഏറ്റവും പെട്ടെന്നു കീഴ്പ്പെടുന്ന ശ്വാസകോശത്തിലെ സെല്ലുകളിൽ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്നതിൽ ഈ വാക്സിൻ നിർണായക പങ്കുവഹിക്കുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.

കടപ്പാട് : മനോരമ ഓൺലൈൻ

LEAVE A REPLY

Please enter your comment!
Please enter your name here