ഐ പി എല്ലില്‍ ഇത്തവണ ഒരുപാട് വമ്ബന്‍ താരങ്ങളുടെ ബലത്തില്‍ കിരീടമുറപ്പിച്ചിറങ്ങിയ ടീമായിരുന്നു രാജസ്ഥാന്‍. ഐ പി എല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി താരം ഒരു ടീമിന്റെ നായകസ്ഥാനത്തെത്തുന്നതും ഇതാദ്യമാണ്. അതുകൊണ്ട് തന്നെ മലയാളി ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സഞ്ജുവിനെയും സംഘത്തെയും നോക്കിക്കണ്ടിരുന്നത്. എന്നാല്‍ തുടക്കം മുതലേ നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് രാജസ്ഥാന്‍ ടീം നേരിട്ടുകൊണ്ടിരിക്കുന്നത്. സീസണില്‍ തുടര്‍ തോല്‍വികളുമായി പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്ത് തുടരുകയാണ് ടീമിപ്പോള്‍.

സീസണില്‍ തുടക്കം മുതലേ ടീമിന് തിരിച്ചടികളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജൊഫ്രാ ആര്‍ച്ചര്‍ ഐ പി എല്ലില്‍ നിന്ന് പിന്‍മാറി. രാജസ്ഥാന്‍ റോയല്‍സ് താരമായ ആര്‍ച്ചര്‍ പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ ടീമിനായി കളിച്ചിരുന്നില്ല. താരത്തിന്റെ കൈമുട്ടിന് പരിക്കേറ്റിരുന്നു. അതിന് ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാല്‍ പരിക്ക് മാറി താരം തിരിച്ചെത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ഐ പി എല്ലില്‍ ആര്‍ച്ചര്‍ തുടരില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍ച്ചര്‍ കൗണ്ടിയില്‍ പരിശീലനം തുടരുമെന്നും ബോര്‍ഡ് അറിയിച്ചു. ഈ സീസണില്‍ റോയല്‍സ് ടീമില്‍ നിന്നും പിന്‍മാറുന്ന മൂന്നാമത്തെ ഇംഗ്ലിഷ് താരമാണ് ആര്‍ച്ചര്‍. ഇതോടെ രാജസ്ഥാന്റെ ബൗളിങ് യൂണിറ്റ് കൂടുതല്‍ ദുര്‍ബലമാകുകയാണ്. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ കൈവിരലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു. ഗെയിലിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ബയോ സെക്യുര്‍ ബബിളിലെ സമ്മര്‍ദ്ദം താങ്ങാനാവില്ലെന്ന് പറഞ്ഞ് ലിയാം ലിവിംങ്ങ്സ്റ്റണും രണ്ട് ദിവസം മുന്നേ ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു.

എന്നാല്‍ ടൂര്‍ണമെന്റിലെ ഇംഗ്ലണ്ട് താരങ്ങളുടെ പിന്മാറലിനെതിരെ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്. പരിക്ക് ഭേദമായി ആര്‍ച്ചര്‍ നാല് മത്സരങ്ങള്‍ക്ക് ശേഷം ടീമിനൊപ്പം ചേരുമെന്നായിരുന്നു വാര്‍ത്തകള്‍. താരം പരിശീലനം പുനരാരംഭിച്ചെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആര്‍ച്ചര്‍ പൂര്‍ണ്ണമായും കളിക്കാന്‍ പറ്റിയ അവസ്ഥയില്‍ ആയിട്ടില്ലെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. അതിനാല്‍ ഐ പി എല്ലില്‍ ഈ സീസണില്‍ കളിക്കാന്‍ താരം ഇന്ത്യയിലേക്കില്ലെന്നും ഇ സി ബി വ്യക്തമാക്കി. എന്നാല്‍ ട്വന്‍റി 20 ലോകകപ്പ്, ആഷസ് പരമ്ബര എന്നിവ മുന്നില്‍ക്കണ്ടാണ് ഈ തീരുമാനമെന്ന് ശക്തമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

2020 ഐ പി എല്ലില്‍ രാജസ്ഥാന്‍ ബോളിങ് നിരയെ മുന്നില്‍ നിന്ന് നയിച്ചത് ആര്‍ച്ചറായിരുന്നു. കേവലം 14 കളികളില്‍ നിന്ന് 20 വിക്കറ്റുകളും വലം കൈയ്യന്‍ പേസ് ബോളര്‍ നേടി. ഓരോവറില്‍ 6.55 റണ്‍സായിരുന്നു താരത്തിന്റെ എക്കണോമി.

LEAVE A REPLY

Please enter your comment!
Please enter your name here