സൗജന്യ ഇന്റര്‍നെറ്റ് ഉറപ്പാക്കുന്ന ‘കെ ഫോണ്‍’ പദ്ധതി ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യവുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കൺസോർഷ്യം ലീഡറും ബിഇഎല്ലിന്‍റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം വി ഗൗതം ഇക്കാര്യത്തിൽ ഉറപ്പുനല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തെ സംബന്ധിച്ച് ഈ പദ്ധതി വലിയ നേട്ടമായിരിക്കും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഇന്‍റര്‍നെറ്റ് സൗകര്യം നല്‍കുന്നതോടൊപ്പം വിദ്യാലയങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ മുതലായ പൊതുസ്ഥാപനങ്ങള്‍ക്കും നെറ്റ്‌വർക്ക് വഴി കണക്ഷന്‍ ലഭ്യമാക്കും. സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥക്ക് കെ-ഫോണ്‍ ഉത്തേജനമാകും. കേരളത്തിലേക്ക് വ്യവസായ നിക്ഷേപം ആകര്‍ഷിക്കാൻ ഉള്ള ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജം പകരുകയും ചെയ്യും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഐടി വകുപ്പ് പദ്ധതിയുടെ പുരോഗതി തുടര്‍ച്ചയായി വിലയിരുത്തുന്നുമുണ്ട്. അതേസമയം, കണ്‍സോര്‍ഷ്യത്തിലെ എല്ലാ പങ്കാളികളോടും കേരളത്തിന്‍റെ വികസനത്തില്‍ പങ്കാളികളാകാനും ഇവിടെ നിക്ഷേപം നടത്താനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here