ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സെമിയുടെ ആദ്യ പാദം കേരളാ ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂര്‍ എഫ്‌സിയും തമ്മില്‍ ഇന്ന് വൈകീട്ട് ഏഴരക്ക് പിഎന്‍ജി സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്.

ടൂര്‍ണമെന്‍റില്‍ ഇതിഹാസതുല്യമായ മുന്നേറ്റം നടത്തിയാണ് ഇരുടീമുകളും സെമിയിലെത്തിയത്. 43 പോയന്‍റുമായി സീസണില്‍ ഒന്നാംസ്ഥാനക്കാരായ ജംഷഡ്പൂര്‍ ആദ്യമായാണ് സെമിയിലെത്തുന്നത്. എന്നാല്‍ 34 പോയന്‍റുമായി നാലാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സ് 2014, 2016 സീസണുകളില്‍ റണ്ണേഴ്‌സ് അപ് സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്നത് ഇക്കുറിയാണ്. ഇരുടീമുകളിലും പ്രതിഭാധനരായ ഒരുപിടി താരങ്ങളുള്ളതിനാല്‍ മത്സരം ആവേശജനകമായിരിക്കും.

ഗ്രേഗ് സ്റ്റുവാര്‍ട്ട് VS ജോര്‍ഗെ ഡയസ്

മാരക ഫിനിഷിങ് പാടവമുള്ള താരങ്ങളാണ് ഗ്രേഗ് സ്റ്റുവാര്‍ട്ടും ജോര്‍ഗെ പെരേര ഡയസും. ഫെബ്രുവരിയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ജംഷഡ്പൂര്‍ 3-0 ത്തിന് ജയിച്ചപ്പോള്‍ നേടിയ രണ്ടടക്കം സീസണില്‍ പത്തുഗോളുകളും അത്രതന്നെ അസിസ്റ്റുമാണ് സ്റ്റുവാര്‍ട്ട് നേടിയിരിക്കുന്നത്. അവസാന ഗോള്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ 3-2 ന് വിജയിച്ചപ്പോഴായിരുന്നു. ബ്ലാസ്്‌റ്റേഴ്‌സിനെതിരെയുള്ള പോരാട്ടത്തിലും ഈ സ്‌കോട്ടിഷ് സ്‌ട്രൈക്കര്‍ അപകടം വിതയ്ക്കാന്‍ സാധ്യതയേറെയാണ്. മികച്ച പന്തടക്കത്തോടെ എതിര്‍നിര കീറിമുറിച്ച്‌ കയറാനും ഗോള്‍ ഷോട്ടുതിര്‍ക്കാനും കഴിവുള്ള താരമാണ് ഇദ്ദേഹമെന്നതും കൊമ്ബന്മാര്‍ കരുതിയിരിക്കേണ്ടതാണ്.

ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ അദ്ദേഹത്തിന്റെ എതിരാളി ഡയസ് കഴിഞ്ഞ ആറു കളികളില്‍ അഞ്ചു ഗോളുകളാണ് ടീമിനായി നേടിയത്. 4-4 സമനിലയായ എഫ്‌സി ഗോവക്കെതിരെയുള്ള മത്സരത്തില്‍ നേടിയ രണ്ടടക്കം സീസണില്‍ എട്ടു ഗോളുകളാണ് അര്‍ജന്‍റീനയില്‍ നിന്നുള്ള താരം നേടിയിട്ടുള്ളത്. ഒരു അസിസ്റ്റും താരത്തിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here