യുഎഇയിൽ റമസാൻ വരവേൽപിന് തയാറെടുപ്പ് തുടങ്ങി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ആരാധനാലയങ്ങളിൽ അറ്റകുറ്റപ്പണികൾ തകൃതി. പള്ളിയും പരിസരങ്ങളും കഴുകി വൃത്തിയാക്കുക, കേടായ പൈപ്പുകളും ബൾബുകളും മാറ്റി സ്ഥാപിക്കുക, പള്ളിക്കകത്തും പുറത്തും പെയിന്റ് അടിക്കുക, പുതിയ പരവതാനി വിരിക്കുക തുടങ്ങിയ ജോലികളാണ് നടക്കുന്നത്.

ഏപ്രിൽ 2ന് വ്രതാരംഭം തുടങ്ങുമെന്നാണ് പ്രതീക്ഷ. കോവിഡ് ഇളവിന്റെ ഭാഗമായി വിശുദ്ധ ഗ്രന്ഥങ്ങൾ പള്ളികളിൽ വച്ചു. രാജ്യത്ത് 96.4% പേരും പൂർണമായും വാക്സീൻ എടുത്തതിനാൽ വരുംനാളുകളിൽ കൂടുതൽ ഇളവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ. മതപ്രഭാഷണവും സമൂഹ ഇഫ്താറും വീണ്ടെടുക്കാനുള്ള സാധ്യതകളും അധികൃതർ പരിശോധിക്കുന്നുണ്ട്.

നിലവിൽ പ്രാർഥന കഴിഞ്ഞ് 10 മിനിറ്റിനകം പള്ളി അടയ്ക്കണമെന്നാണ് നിയമം. സർക്കാർ സ്ഥാപനങ്ങളുടെ റമസാൻ പ്രവൃത്തി സമയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും വെള്ളി രാവിലെ 9 മുതൽ 12.00 വരെയുമാണ് പ്രവൃത്തി സമയം. വെള്ളിയാഴ്ച അവധിയുള്ള ഷാർജയിൽ മറ്റു ദിവസങ്ങളിൽ 9 മുതൽ 2.30വരെ ജോലി ചെയ്യണം.

ദൂരദിക്കുകളിൽ താമസിക്കുന്നവർക്കും യാത്രാ പ്രശ്നമുള്ള 40% പേർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതിയുണ്ട്. യുഎഇയിലെ ഷോപ്പിങ് മാളുകളും റമസാൻകാല ഓഫറുകൾ പ്രഖ്യാപിച്ചു. യുണിയൻ കോഓപറേറ്റിവ് സൊസൈറ്റി 52 ദിവസത്തെ റമസാൻ ക്യാംപെയിനിൽ 30,000 ഉൽപന്നങ്ങൾക്ക് 25% മുതൽ 75% വരെ ആദായ വിൽപന പ്രഖ്യാപിച്ചു.

മറ്റു ഗ്രൂപ്പുകളും വൈകാതെ പ്രഖ്യാപിക്കും. ഇതേസമയം റമസാനിൽ വിലക്കയറ്റം തടയാനുള്ള നടപടി സാമ്പത്തിക മന്ത്രാലയം ശക്തമാക്കി. നിയമലംഘകരെ കണ്ടെത്താൻ ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here