ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. അന്തരിച്ച മുൻധനമന്ത്രി കെ എം മാണിയുടെ മകൻ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം തൽക്കാലം നോക്കുന്നില്ലെന്നും പല തവണ ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വ്യക്തമാക്കുന്നു.

കെ എം മാണിയുടെ മരണശേഷം ഉടനെത്തന്നെ കേരളാ കോൺഗ്രസിന്‍റെ അധ്യക്ഷസ്ഥാനം ആർക്ക് എന്നതിൽ വലിയ അധികാരത്തർക്കം തുടങ്ങിയിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴാകട്ടെ തമ്മിലടി അതിന്‍റെ മൂർദ്ധന്യത്തിലെത്തി. ഏറ്റവുമൊടുവിൽ വർഷങ്ങളോളം യുഡിഎഫ് കയ്യിൽ വച്ച പാലാ കയ്യിൽ നിന്ന് പോയി. ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ ജയിച്ചു. ദുർബലനായ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റു.

കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസ് തര്‍ക്കമാണ് ഏറ്റവുമൊടുവിൽ പൊട്ടിത്തെറിയിലെത്തിയത്. ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പദവി ജോസഫ് വിഭാഗത്തിന് കൈമാറേണ്ടതായിരുന്നു. എന്നാൽ ജോസ് കെ മാണി അതിന് തയ്യാറായില്ല. യുഡിഎഫിന്‍റെ നേതൃത്വത്തിൽ പല തവണ സമവായചർച്ചകൾ നടന്നു. ഒരുമിച്ച് പോകണം എന്ന നിലപാട് യുഡിഎഫ് കൺവീനറും പ്രതിപക്ഷനേതാവും പല തവണ ജോസ് കെ മാണിയോടും പി ജെ ജോസഫിനോടും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here