വന്ദേഭാരതിന്റെ ഭാഗമായി മെയ് 7 മുതലാണ് വിദേശത്തുനിന്ന് ഫ്ളൈറ്റുകള്‍ വരാന്‍ തുടങ്ങിയത്. ജൂണ്‍ 2 വരെ 140 ഫ്ളൈറ്റുകള്‍ വന്നു. 24,333 പേരാണ് വിമാനം വഴി വന്നത്. കൂടാതെ 3 കപ്പല്‍ വഴി 1488 പേരും വിദേശത്തുനിന്ന് എത്തി. മൊത്തം 25,821 പേരാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നത്. വന്ദേഭാരതത്തിന്‍റെ ഭാഗമായി ഫ്ളൈറ്റുകള്‍ വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു നിബന്ധനയും വെച്ചിട്ടില്ല. ഒരു ഫ്ളൈറ്റും വേണ്ടെന്ന് പറഞ്ഞിട്ടുമില്ല. മാത്രമല്ല, കേന്ദ്ര വിദേശമന്ത്രാലയം ചോദിച്ച എല്ലാ ഫ്ളൈറ്റിനും അനുമതി നല്‍കിയിട്ടുമുണ്ട്.

വന്ദേഭാരതത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ ജൂണ്‍ മാസം ഒരു ദിവസം 12 ഫ്ളൈറ്റ് ഉണ്ടാകുമെന്നാണ് വിദേശ മന്ത്രാലയം പറഞ്ഞത്. സംസ്ഥാനം അതിന് പൂര്‍ണസമ്മതം അറിയിച്ചു. അതുപ്രകാരം ജൂണില്‍ 360 ഫ്ളൈറ്റുകളാണ് വരേണ്ടത്. എന്നാല്‍, ജൂണ്‍ 3 മുതല്‍ 10 വരെ 36 ഫ്ളൈറ്റുകള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

അതിനര്‍ത്ഥം കേരളം അനുമതി നല്‍കിയ 324 ഫ്ളൈറ്റുകള്‍ ജൂണ്‍ മാസത്തിലേക്ക് ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട് എന്നാണ്. കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ ഫ്ളൈറ്റ് ഓപറേറ്റ് ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്. അതില്‍ കുറ്റപ്പെടുത്താനാവില്ല. രാജ്യമാകെ ബാധകമായ വലിയൊരു ദൗത്യമായതുകൊണ്ട് ഒന്നിച്ച് ഒരുപാട് ഫ്ളൈറ്റുകള്‍ അയച്ച് ആളുകളെ കൊണ്ടുവരുന്നതിന് പ്രയാസമുണ്ടാകും.

കേരളത്തെ സംബന്ധിച്ച്, ഇപ്പോള്‍ അനുമതി നല്‍കിയതില്‍ ബാക്കിയുള്ള 324 ഫ്ളൈറ്റുകള്‍ ഷെഡ്യൂള്‍ ചെയ്തുകഴിഞ്ഞാല്‍ ഇനിയും ഫ്ളൈറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ ഒരുക്കമാണ്. അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചെയ്യേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്യും.

വന്ദേഭാരത് മിഷനില്‍ ഇനി എത്ര ഫ്ളൈറ്റുകള്‍ക്ക് അനുമതി നല്‍കണമെന്ന് വിദേശ മന്ത്രാലയത്തോട് നാം ചോദിച്ചിട്ടുണ്ട്. ഈ വിവരം കിട്ടിയാല്‍ അത്രയും ഫ്ളൈറ്റുകള്‍ക്ക് അനുമതി നല്‍കാനാണ് തീരുമാനം.

വന്ദേഭാരത് പരിപാടിയില്‍ പെടാതെയുള്ള 40 ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ക്ക് വിദേശമന്ത്രാലയത്തിന് കേരളം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ജൂണ്‍ 2 വരെ 14 ഫ്ളൈറ്റുകള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തത്. അനുമതി നല്‍കിയതില്‍ 26 ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട്. അതു പൂര്‍ത്തിയായാല്‍ ഇനിയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തയ്യാറാണ്. ഇതുവരെ ഒരു ഫ്ളൈറ്റിനും സംസ്ഥാനം നോ പറഞ്ഞിട്ടില്ല.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ കൊണ്ടുവരുന്നതിന് തൊഴിലുടമകളോ ഏതെങ്കിലും ഗ്രൂപ്പോ സംഘടനകളോ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നുണ്ടെങ്കില്‍ ഒരു തടസ്സവും സംസ്ഥാനം പറഞ്ഞിട്ടില്ല. എന്നാല്‍ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കി ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ കൊണ്ടുവരികയാണെങ്കില്‍ അതിന് സര്‍ക്കാര്‍ നിബന്ധന വെച്ചിട്ടുണ്ട്.

ഒന്ന്, വിമാന നിരക്ക് ഏകദേശം വന്ദേഭാരത് നിരക്കിന് തുല്യമായിരിക്കണം. രണ്ട്, സീറ്റ് നല്‍കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തില്‍ വരുന്നവരെ ആദ്യം പരിഗണിക്കണം. ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, മറ്റു രോഗങ്ങളുള്ള വയോധികര്‍, കുടുംബത്തില്‍ നിന്ന് വേര്‍പെട്ടുപോയ കുട്ടികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. മറ്റു വ്യവസ്ഥളൊന്നും ഇല്ല. ഈ രണ്ടു നിബന്ധനകള്‍ തന്നെ, പ്രവാസികളുടെ താല്‍പര്യം പരിഗണിച്ചാണ്. അതിനിടെ, ചില സ്വകാര്യ വിമാന കമ്പനികള്‍ പ്രവാസികളെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് അനുമതി ചോദിച്ചിട്ടുണ്ട്. അതിനും സര്‍ക്കാര്‍ അനുമതി നല്‍കുന്നതാണ്.

സ്പൈസ് ജെറ്റിന് കേരളത്തിലേക്ക് 300 ഫ്ളൈറ്റിന് അനുമതി നല്‍കിയിട്ടുണ്ട്. ഒരുദിവസം പത്ത് എന്ന തോതില്‍ ഒരുമാസം കൊണ്ടാണ് ഇത്രയും ഫ്ളൈറ്റ് വരിക. കോവിഡ് 19 ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരെയാണ് കൊണ്ടുവരിക എന്ന് സ്പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്. ഇത് സ്പൈസ് ജെറ്റ് ഏര്‍പ്പെടുത്തിയ നിബന്ധനയാണ്, മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here