തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു. 8 പേർ കാസർകോട്, 5 പേർ ഇടുക്കി, 2 പേർ കൊല്ലം എന്നിങ്ങനെയും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണു രോഗം. ഇതുവരെ 286 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. അതിൽ 256 പേർ ചികിത്സയിലുണ്ട്. 165934 പേർ നിരീക്ഷണത്തിലാണ്. 165291 പേർ വീടുകളിലും 643 പേർ ആശുപത്രികളിലുമാണ്.ഇന്ന് 8456 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതുവരെ രോഗബാധയുണ്ടായ 200 പേർ വിദേശത്തുനിന്ന് വന്നവരാണ്. ഏഴു പേർ വിദേശികളാണ്. രോഗികളുമായി സമ്പർക്കം മൂലം 76 പേർക്ക് രോഗം ബാധിച്ചു. രണ്ടു പേർ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചെത്തിയവരാണ്. 28 പേർക്ക് രോഗം ഭേദമായി. ഇന്ന് തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഓരോ ആളുകൾക്ക് രോഗം മാറിതായി സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വിഡിയോ കോൺഫറൻസ് നടത്തിയതിന്റെ വിശദാംശങ്ങളും മുഖ്യമന്ത്രി വെളിപ്പെടുത്തി. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹത്തെ അറിയിച്ചു. ലോകത്താകെ വ്യാപിച്ചു കിടക്കുന്നവരാണു മലയാളികൾ‌. അവരുടെ സുരക്ഷയ്ക്ക് കേന്ദ്രം ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

വിദേശത്ത് ക്വാറന്‍റീൻ ഇന്ത്യൻ എംബസികളുടെ കീഴിൽ ഒരുക്കണം. നഴ്സുമാർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം. കൊറോണ ബാധിച്ചല്ലാതെ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

കടപ്പാട് : മനോരമ ഓൺലൈൻ

LEAVE A REPLY

Please enter your comment!
Please enter your name here